Sunday, June 30, 2013

ത്രാടകം ചെയ്യുന്നവിധം


മനസ്സിനെയും ചിന്തകളെയും ഇന്ദ്രിയങ്ങളെയും ശുദ്ധീകരിക്കാന്‍ അവയെ ഉള്ളിലേക്കു തിരിക്കണം. സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക്, ബാഹ്യലോകത്തുനിന്ന് ആന്തരിരലോകത്തിലേക്ക് പ്രവേശിക്കുന്നതിന് ശക്തിപകരുന്ന ക്രിയയാണ് ത്രാടകം.

ത്രാടകം രണ്ടുവിധമുണ്ട് - ബാഹ്യമായി ചെയ്യുന്നതും ആന്തരികമായി ചെയ്യുന്നതും. ബാഹ്യത്രാടകത്തില്‍ ഇമകള്‍ ചിമ്മാതെ കണ്ണുകള്‍ തുറന്നുതന്നെയിരിക്കണം കണ്ണില്‍നിന്ന് കണ്ണുനീര്‍ വന്നാലും കണ്ണടയ്ക്കരുത്. വെളുപ്പിന് എഴുന്നേറ്റ് നെയ്യ് ഒഴിച്ച് നിലവിളക്ക് കത്തിച്ചുവച്ചിട്ട് അതിന്റെ നാളത്തില്‍ ത്രാടകം ചെയ്യുന്നത് വളരെ നല്ലതാണ്. ഇഷ്ടദേവന്റെയോ ദേവിയുടെയോ ചിത്രം, കണ്ണാടിയില്‍ തെളിയുന്ന സ്വന്തം പ്രതിബിംബം, ഓങ്കാരം, കുണ്ടലിനീചക്രങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ചിത്രം, ചന്ദ്രന്‍, നക്ഷത്രം, ഒഴുകുന്ന ജലം, പര്‍വതം, ആകാശം ഇവയിലെല്ലാം ത്രാടകം ചെയ്യാവുന്നതാണ്. പുരികത്തിന്റെ മദ്ധ്യഭാഗത്തിലോ (ത്രികുടി) നാസികാഗ്രത്തിലോ ദൃഷ്ടിയുറപ്പിച്ച് ത്രാടകം ചെയ്യാവുന്നതാണ്. ഭഗവദ്ഗീതയിലും ഇതിനെ കുറിച്ചു പറയുന്നുണ്ട്.

ആന്തരികത്രാടകത്തില്‍ കണ്ണുകളടച്ചിട്ട് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലും രൂപം മനസ്സുകൊണ്ട് ദര്‍ശിക്കുക. ഇഷ്ടദൈവത്തിന്റെ രൂപം മനസില്‍ കണ്ടുകൊണ്ട് അതില്‍ ത്രാടകം ചെയ്യുന്നതു നല്ലതാണ്. ശ്വസനത്തിലോ ഓങ്കാരത്തിലോ ഏകാഗ്രതയര്‍പ്പിച്ച് ബാഹ്യത്രാടകം ചെയ്യാം.

പ്രയോജനങ്ങള്‍

ത്രാടകം വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നു. മൂന്നാം കണ്ണിനെ (ആജ്ഞാചക്രം) ഊര്ജസ്വലമാക്കുന്നു. ഏകാഗ്രത, മനശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു. മനസ്സിനെ ചീത്ത വിചാരങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുന്നു. ബുദ്ധികൂര്‍മ്മത നല്‍കുന്നു,

ത്രാടകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശുദ്ധമായതും ധാര്‍മികവുമായ വസ്തുവില്‍ മാത്രമേ ത്രാടകം ചെയ്യാവൂ. കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കരുത്. കണ്ണുകള്‍ക്ക് ക്ഷീണം തോന്നിയാല്‍ ശുദ്ധജലം കൊണ്ട് കണ്ണുകള്‍ കഴുകണം. കാഴ്ചശക്തിക്കു തകരാറുള്ളവര്‍ ബാഹ്യത്രാടകം കുറച്ചുനേരം ചെയ്താല്‍ മതിയാകും.

Saturday, June 29, 2013

ഉള്ളിയുടെ ഔഷധഗുണം



കണ്ണില്‍ വെള്ളം വരികയും മൂക്കു വേദനിക്കുകയും ചെയ്യുന്ന ജലദോഷത്തിനു പ്രതിവിധിയായി ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്ന ഒരു മരുന്ന് ഉള്ളിയില്‍നിന്ന് ഉണ്ടാക്കുന്ന ആലിയം സെപ്പ എന്ന മരുന്നാണ്.

ക്ഷയരോഗത്തിന് പച്ചയുള്ളി കഴിക്കുന്നത് നല്ലതാണ്. അപസ്മാരത്തിന് 90 ഗ്രാം ഉള്ളിയുടെ നീര് ദിവസം തോറും കൊടുത്തുവരുന്നത് ഒരു നല്ല പ്രതിവിധിയായി പറയുന്നു. ചെവിക്കുത്തിന് ഉള്ളിയുടെ നീര് ചൂടോടുകൂടി ചെവിയില്‍ ഒഴിച്ചുവരുന്നു.

തേളോ, അതുപോലുള്ള ജന്തുക്കളോ കടിച്ചാല്‍ കടിച്ച സ്ഥലത്ത് ഉള്ളി തൂക്കുന്നതു നല്ലതാണ്. കടന്നലും തേനീച്ചയും കുത്തിയാല്‍ ഉള്ളിയുടെ ഇല പിഴിഞ്ഞ നീരാണ് കൂടുതല്‍ ഗുണകരം.

വെളുത്തുള്ളി ഒരു നല്ല രസായനമാണ്. ശബ്ദമില്ലായ്മയ്ക്കും ശ്വാശകോശസംബന്ധമായ സുഖക്കേടുകള്‍ക്കും നല്ലതാണ്. ഉപ്പും ചേര്‍ത്ത് ഉപയോഗിച്ചാല്‍ വയറ്റിലെ നോവിന് നല്ലതാണ്. ചക്കരയോ, ശര്‍ക്കരയോ ചേര്‍ത്തുപയോഗിച്ചാല്‍ മെലിഞ്ഞ കുട്ടികള്‍ നന്നാകും. പല്ലു വേദനയുള്ളിടത്ത് ഒരു കഷണം ഉള്ളി ചതച്ചു വച്ചാല്‍ ആശ്വാസം കിട്ടും. മൂക്കില്‍ നിന്നു ചോര വരുമ്പോള്‍ ഉള്ളി നല്ലാതാണ്. ചുട്ട ഉള്ളി പരുവിനു വച്ചുകെട്ടാന്‍ ഉപയോഗിക്കാം. ഉള്ളി മുറിച്ച് അരിമ്പാറയില്‍ തേച്ചാല്‍ അരിമ്പാറ മാറും. കഷണ്ടിയില്‍ ഉള്ളി മുറിച്ചു തേച്ചാല്‍ മുടി വരുമെന്ന് പറയുന്നു.

Friday, June 28, 2013

തേനിന്റെ ഉപയോഗങ്ങള്‍



ചെറിയ കുട്ടികള്‍ക്കു പശുവിന്‍ പാല്‍ കൊടുക്കുമ്പോള്‍ അതില്‍ പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ത്തു കൊടുത്താല്‍ അതിന്റെ ഗുണഫലം വര്‍ദ്ധിക്കും.

ദിവസവും രാവിലെ ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ കുറച്ചു തേന്‍ കഴിച്ചാല്‍ നല്ല ഉന്മേഷം ഉണ്ടാകും.

ദിവസവും രണ്ടുമൂന്നു പ്രാവശ്യം മൂന്നു ടീസ്പൂണ്‍ തേന്‍ കുടിച്ചാല്‍ ക്ഷീണം തോന്നുകയില്ല.

വ്യായാമവും കുളിയും കഴിഞ്ഞുവരുമ്പോള്‍ തേന്‍ വെള്ളത്തില്‍ ഒഴിച്ചു കുടിച്ചാല്‍ ക്ഷീണം തോന്നുകയില്ല.

രാത്രിയില്‍ ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികള്‍ക്കു രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു ഒരു ടീസ്പൂണ്‍ തേന്‍ കൊടുക്കുക. കുറെ ദിവസം കൊടുത്തിട്ട് നിര്‍ത്തണം. രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ക്ക് ഉറക്കം വരുന്നതിനു രാത്രിയില്‍ രണ്ടു സ്പൂണ്‍ തേന്‍ കഴിക്കുക. രാത്രിയില്‍ ഉണര്‍ന്നശേഷം ഉറക്കം വരാതിരുന്നാലും തേന്‍ കുടിക്കുക.

ആവണക്കെണ്ണയുടെ ഔഷധ ഉപയോഗങ്ങള്‍

1. മുഖത്തുണ്ടാകുന്ന കറുപ്പുകളയുന്നതിനു രാത്രിയിലും രാവിലെയും ആവണക്കെണ്ണ പുരട്ടി ഇരുപതുപ്രാവശ്യം തിരുമ്മുക.
2. ദേഹത്തില്‍ എവിടെയെങ്കിലും വ്രണം ഉണ്ടെങ്കില്‍ ആവണക്കെണ്ണ പുരട്ടുക.
3. കൊച്ചുകുട്ടികളുടെ പൊക്കിള്‍ ഉണങ്ങുന്നതിനു താമസിച്ചാല്‍ ആവണക്കെണ്ണ പുരട്ടുക.
4. മുലപ്പാല്‍ ഉണ്ടാകുന്നതിനു മുലയില്‍ ആവണക്കെണ്ണ പുരട്ടുക.
5. കണ്ണ് ചുവക്കുകയും കടിക്കുകയും ചെയ്യുമ്പോള്‍ ആവണക്കെണ്ണ ഒരു തുള്ളി കണ്ണില്‍ ഒഴിക്കുക.
6. കൊച്ചുകുട്ടികള്‍ക്ക് മുടി ശരിയായി കിളുര്‍ക്കാതിരുന്നാല്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം രാത്രിയില്‍ ആവണക്കെണ്ണ പുരട്ടുക. കാലത്ത് എണ്ണ കഴുകിക്കളയുക. കുറെ ദിവസം കഴിയുമ്പോള്‍ മുടി ശരിയായി വരും. അതു കഴിഞ്ഞു രണ്ടാഴ്ച കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുക.
7. കണ്ണിന്റെ പുരികത്തില്‍ ആവണക്കെണ്ണ ഉറങ്ങുന്നതിനു മുമ്പ് ആഴ്ചയില്‍ മൂന്നു പ്രാവശ്യം പുരട്ടിയാല്‍ നന്നായി വളരും.
8. നെഞ്ചുവേദനയ്ക്കു രണ്ടുസ്പൂണ്‍ ആവണക്കെണ്ണയും ഒരു സ്പൂണ്‍ ടര്‍പ്പന്റൈനും കൂടി കലര്‍ത്തി നെഞ്ചില്‍ പുരട്ടുക. ആവണക്കെണ്ണ ചൂടാക്കിയ ശേഷം അടുപ്പത്തുനിന്നു വാങ്ങി
അതില്‍ ടര്‍പ്പന്റൈന്‍ ചേര്‍ത്തിളക്കുക. അടുപ്പത്തു വച്ച് ടര്‍പ്പന്റൈന്‍ ഒഴിച്ചാല്‍ തീ കത്തും. കൂടുതല്‍ വേദനയുണ്ടെങ്കില്‍ ദിവസം മൂന്നു പ്രാവശ്യം പുരട്ടുക.
9. ഒരു കുപ്പി ആവണക്കെണ്ണ എല്ലാ വീട്ടിലും കരുതിയിരിക്കണം. ഒരു മുറിവോ, ചതവോ, തൊലി പോകുകയോ ചെയ്താല്‍. ആവണക്കെണ്ണയില്‍ ഒരു തൂവല്‍ മുക്കി അതുകൊണ്ട് കുറച്ചു എണ്ണ അവിടെ പുരട്ടുക.
10. വളരെ നടന്നിട്ടു കാലിനു വേദനയോ കഴപ്പോ ഉണ്ടായാല്‍ ആവണക്കെണ്ണ തിരുമ്മുക. രാത്രിയില്‍ തിരുമ്മിയിട്ട് എണ്ണ തുടച്ചു കളയരുത്. കാലില്‍ ആണിയുണ്ടെങ്കില്‍ ആവണക്കെണ്ണ തിരുമ്മിയാല്‍ വേദന കുറയും.
11. തലമുടി നരയ്കാതിരിക്കുന്നതിനും, മുടി കറുക്കുന്നതിനും, തലയിലെ താരന്‍ പോകുന്നതിനും ആവണക്കെണ്ണ തലയില്‍ ക്രമമായി പുരട്ടുക.
12. ശരീരത്തില്‍ ചൊറിഞ്ഞു തടിക്കുന്നതിന് ആവണക്കെണ്ണ പുരട്ടുക.

Thursday, June 27, 2013

കൃഷ്ണതുളസിയുടെ ഗുണങ്ങള്‍


തുളസിയുടെ ഇല, പൂവ്, കായ്, തടി എന്നുമാത്രമല്ല വേരുപോലും ഉപയോഗപ്രദമായ ഒന്നായിട്ടാണ് കണ്ടിരിക്കുന്നത്. മലേറിയ രോഗത്തെ നിരോധിക്കുന്നതിനു തുളസി ഒരു പറ്റിയ ഔഷധമാണ്. തുളസിയുടെ ഇല ജലദോഷത്തെ തടയുന്നതിനും, വേര് പനിയെ നിരോധിക്കുന്നതിനും നല്ലതാണ്. ആമാശയസംബന്ധമായുള്ള തകരാറുകള്‍ക്ക് തുളസിച്ചെടി ഉണക്കിപ്പെടിച്ച് ഉപയോഗിക്കാവുന്നതാണ്.

തുളസിതന്നെ മൂന്നു നാലിനങ്ങളുണ്ട്. അതില്‍ കൃഷ്ണവര്‍ണ്ണമുള്ളതാണ് ഏറ്റവും മെച്ചമായിട്ടുള്ളത്. തുളസി ഒരു        ഔഷധം കൂടിയാണ്. മലിനവസ്തുക്കളുടെ മാലിന്യത്തെ മാറ്റുന്നതിനും ദുര്‍ഗന്ധത്തെ ഇല്ലായ്മചെയ്യുന്നതിനും തുളസി ഒരമൂല്യ വസ്തുവാണ്. യൂറോപ്യന്‍ സയന്റിസ്റ്റുകള്‍ പോലും തുളസിയുടെ ഗുണവിശേഷങ്ങളെ പരീക്ഷിച്ചു സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. തുളസിച്ചെടി നില്‍ക്കുന്ന സ്ഥലത്തെ വായു വളരെ പരിശുദ്ധമായിരിക്കുന്നതാണ്.

ശുദ്ധീകരണത്തിനായി പുരാതന യോഗികള്‍ തുളസിച്ചെടിയുമായിട്ടാണ് ശ്മശാനസ്ഥലത്തേക്കു പോകുന്നത്. മരിച്ച ശരീരത്തിലും തുളസിയില ഇടുന്നത് ഇന്നും സാധാരണമാണ്. തുളസിയില ഇട്ട വെള്ളം രോഗികള്‍ക്കു കുടിപ്പാന്‍ വളരെ വിശേഷപ്പെട്ട ഒരു പാനീയമാണ്.

തുളസിനീരു പാമ്പുവിഷത്തിനു കൈകണ്ട ഔഷധമാണ്. വിഷമുള്ള ജന്തുക്കള്‍ കടിച്ചാലുടന്‍ കുറെ തുളസിനീരെടുത്ത് കുടിക്കുകയും, കടിച്ച ഭാഗത്തു തുളസിയില ഞെരടി തിരുമുകയും ചെയ്താല്‍ വിഷശക്തി വര്‍ധിക്കാനിടയില്ല.

ഇടിയും മിന്നലും മൂലമൂണ്ടാകുന്ന ബോധക്ഷയത്തിനു തൂളസിനീരെടുത്തു ശരീരത്തില്‍ പൂശിയാല്‍ ക്ഷീണം മാറുന്നതാണ്.

രക്തദൂഷ്യത്തിനും, കുഷ്ഠരോഗലക്ഷണമുള്ളവര്‍ക്കും തുളസിയില അഞ്ചോ, ആറോ എണ്ണം ദിവസേന കുറെനാള്‍ ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ വിഷമാവസ്ഥകള്‍ മാറുകയും രോഗം വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്നതാണ്.

മലേറിയ രോഗകാലത്ത് ഏഴു തുളസിയിലവീതം ദിവസവും കാലത്തു വെറും വയറ്റില്‍ ഉപയോഗിച്ചുകൊണ്ടിരിന്നാല്‍ മലേറിയ പിടിപെടുന്നതല്ല.

തുളസിയിലയും അതിന്റെ രസവും കൊതുകിനെ അകറ്റുന്നതിന് പറ്റിയതാക്കുന്നു. പെരുന്തേനെടുക്കുമ്പോള്‍ ഈച്ച കുത്താതിരിക്കുന്നതിനു തുളസിനീരെടുത്തു ശരീരത്തില്‍ പൂശിയാല്‍ മതിയാകും. ഇന്ദ്രിയസ്ഖലനത്തിനും തുളസിയുടെ വേരെടുത്ത് വെറ്റിലയും ചേര്‍ത്തു കുറേശ്ശെ ഉപയോഗിച്ചാല്‍ വളരെ ഫലം കിട്ടുന്നതാണ്.

തുളസിനീരു ദേഹത്തില്‍ ധരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇടിവെട്ടല്‍ ബാധിക്കുകയില്ലെന്നും, ധാരാളം തുളസിച്ചെടിയുള്ള ഭവനത്തില്‍ ഇടിവെട്ടല്‍ മൂലമുള്ള ആപത്തുകള്‍ സംഭവിക്കുക സാധാരണമല്ലെന്നും പറയുന്നുണ്ട്.

തുളസി

അഷ്ടവര്‍ഗങ്ങള്‍ തുടങ്ങിയ ഹിമാലയന്‍ ദിവ്യൗഷധങ്ങളെപ്പോലെ ഫലമുള്ളതും എപ്പോഴും കിട്ടുന്നതുമാകുന്നു തുളസി. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്നു. വിഷ്ണുതുളസി, രാമതുളസി, കാട്ടുതുളസി, കര്‍പ്പൂരതുളസി, പുഷ്പതുളസി,  മരത്തുളസി, ബംഗാള്‍തുളസി, കാട്ടുരാമതുളസി, വന്‍തുളസി, ഗന്ധതുളസി എന്നിത്യാതി പത്തുപന്ത്രണ്ടു തുളസികളെപ്പറ്റി പറയുന്നുണ്ടെങ്കിലും ഔഷധത്വേന ഉപയോഗപ്പെടുത്തിവരുന്ന വിഷ്ണുതുളസിയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. മിക്ക ഹിന്ദുഭവനങ്ങളിലും നട്ടുവളര്‍ത്തുന്ന ഈ ചെടി വിഷ്ണുപ്രിയ, ഭാരതി, കൃഷ്ണമൂല എന്നിത്യാതി സം സംസ്‌കൃത നാമങ്ങളില്‍ അറിയപ്പെടുന്നു. വെളുത്തതും ചുവന്നതും രണ്ടിനമുണ്ട്. വെള്ളയെക്കാള്‍ ചുവന്നതിനു ഗുണക്കൂടുതല്‍ ഉണ്ട്. ആധുനിക ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷണം കൊണ്ട് തൈമോള്‍ എന്ന കൃമിഹരൗഷധം അടങ്ങിയിരിക്കുന്നതായി പറയുന്നുണ്ട്. ഇല ഇടിച്ചു പിഴിഞ്ഞ് ആസ്വരസത്തെ വാറ്റി എടുത്താല്‍ കിട്ടുന്ന ദ്രവത്തില്‍ ഒരെണ്ണ പൊങ്ങിക്കിടക്കുന്നതാണ്. തണുപ്പു കിട്ടിയാല്‍ ഉറച്ചുകിട്ടുന്ന ഈ എണ്ണയ്ക്ക് ബെയിന്‍സിന്‍കാംഫര്‍ എന്നാണ് പേര്. കാഴ്ച്ചയില്‍ ഇതു കര്‍പൂരം പോലെയിരിക്കുകയും ചെയ്യും. കൊതുകുകളെ നശിപ്പിക്കുവാന്‍ തുളസിക്ക് ഒരു പ്രത്യേകശക്തിയുണ്ട്. ഭവനങ്ങള്‍ക്കുചുറ്റും ഈ ചെടി നട്ടുവളര്‍ത്തുന്നതുകൊണ്ട് പകര്‍ച്ചവ്യാധികളില്‍നിന്നു രക്ഷനേടാന്‍ സാധിക്കും. എല്ലാവിധ വിഷ വീര്യങ്ങളെയും, കൊതുക്, ഈച്ച, മുതലായ ജീവികളെയും തുളസിച്ചെടി നശിപ്പിക്കുന്നതാണ്. സര്‍പ്പവിഷത്തെ ഇല്ലാതാക്കാന്‍ തുളസിവേര് അരച്ചു കടിച്ച സ്ഥലത്തു പരട്ടിയാല്‍ സാദ്ധ്യമാകുന്നതായി പറയുന്നുണ്ട്. കുട്ടികളുടെ മിക്ക ഉദരവ്യാധികളിലും, എല്ലാ ശ്വാസകോശരോഗങ്ങളിലും, തുളസിച്ചെടി ഒരു ദിവ്യൗഷധം പോലെ പ്രവര്‍ത്തിക്കുന്നതാണ്.

തുളസിച്ചെടി ഒരു ഭാഗം, വെള്ളം പത്തുഭാഗം ഇങ്ങനെ എടുത്തു കഷായം വച്ചു കുടിക്കുകയോ, ഇല പിഴിഞ്ഞ നീരില്‍ സമം ഇഞ്ചിനീരും തേനും ചേര്‍ത്തു കുടിക്കുകയോ ചെയ്താല്‍ ചുമ, കുരങ്ങല്‍, ഒച്ചയടപ്പ്, നീരിറക്കം മുതലായവ ശമിക്കും. പുഴുക്കടി, ചൊറി, കരപ്പന്‍ മുതലായതിനു തുളസിനീരില്‍ ഗന്ധകം ചേര്‍ത്ത് പുരട്ടിയാല്‍ എളുപ്പം ശമനം കിട്ടുന്നതാണ്. നാഡീക്ഷീണം, ഓജക്ഷയം മുതലായ രോഗങ്ങളില്‍ തുളസി സമൂലം ഏലത്തരി, സാലാമിസിരി ഇവ പൊടിച്ചുചേര്‍ത്തു സേവിച്ചാല്‍ ശമിക്കുന്നതാണ്. ഇത് വാജീകരണവും കൂടിയാണ്. രാപ്പനി, ഇടവിട്ടു വരുന്ന പനി ഇവയ്ക്കു തുളസിനീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം കൊടുത്താല്‍ വളരെ ഫലപ്രദമാണ്. തുളസിയില ഉണക്കിപ്പൊടിച്ചു ശീലപ്പൊടിയാക്കി വച്ച് മൂക്കില്‍ പിടിച്ചാല്‍ മൂക്കില്‍ വളര്‍ന്നുവരുന്ന ദശ അടര്‍ന്നുപോകുന്നതാണ്. തലനീര് ഇറങ്ങാതിരിക്കുവാനും ഈ പ്രയോഗം നല്ലതാണ്. ചെവിവേദന, ചെവിപഴുപ്പ്, ചെവി കേള്‍വിക്കുറവ് മുതലായ കര്‍ണ്ണരോഗങ്ങള്‍ക്കും തുളസിനീര് മൂന്നോ നാലോ തുള്ളി വീതം ഒഴിച്ചാല്‍ ശമനം കിട്ടുന്നതാണ്. ശുക്‌ളക്ഷയം നാഡീക്ഷീണം, സ്വപ്നസ്ഘലനം മുതലായ രോഗങ്ങള്‍ക്കും ഛര്‍ദ്ദി, അതിസാരം, ഗ്രഹണി, അഗ്നിമാന്ദ്യം മുതലായ ഉദരരോഗങ്ങള്‍ക്കും തുളസിവിത്തു പാലില്‍ അരച്ചു ലേഹ്യമാക്കി ഉപയോഗിച്ചാല്‍ ഗണ്യമായ ഫലം സിദ്ധിക്കുന്നതാണ്.

കയ്യോന്നി


തലമുടി വളരുന്നതിനും ത്വക്കു രോഗങ്ങള്‍ക്കും കയ്യോന്നി നല്ല ഔഷധമാണ്.

പല ത്വക്ക് രോഗങ്ങള്‍ക്കും കയ്യോന്നി നല്ലതാണ്. ചെറി പറിച്ചെടുത്ത് നല്ലെണ്ണയില്‍ അരച്ചു പുരട്ടുന്നത് മന്തുകാലിനു നല്ലതാണ്.

ഇല പിഴിഞ്ഞെടുത്ത ചാറു കുട്ടികളുടെ തലയിലെ രോമം കളഞ്ഞു തലയില്‍ പുരട്ടുന്നത് രോമം വളര്‍ച്ചയ്ക്കു ഏറ്റവും നല്ലതാണ്.

തേളുകടിക്കു കയ്യോന്നിയുടെ മറുമരുന്നാകുന്നു. ഇല അരിഞ്ഞ് കടിച്ച സ്ഥലത്തു തേയ്ക്കുക.

കയ്യോന്നിയുടെ നീര് ചേര്‍ത്ത് ഉണ്ടാക്കിയ എണ്ണ തലമുടി കറുക്കുന്നതിനു നല്ലതാണ്.

Wednesday, June 26, 2013

ചെറുനാരങ്ങായുടെ ഗുണങ്ങള്‍



ലോകത്തിലെ സകല ചികിത്സാസമ്പ്രദായക്കാരും ചെറുനാരങ്ങായ്ക്കു വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ഇതിനു ശരീരത്തിലെ ദുഷ്ട് ഇളക്കിവിടാനും അവയവങ്ങളുടെ പ്രവൃത്തികളെ ഊര്‍ജിതപ്പെടുത്താനും രോഗാണുക്കളെ നശിപ്പിക്കാനും ഉള്ള ശക്തി ഉണ്ട്. എത്ര പഴകിയ രോഗങ്ങളിലും ചെറുനാരങ്ങാ ചികിത്സ ഫലപ്രദമായിക്കാണുന്നുണ്ട്. നാരങ്ങാ ശക്തമായി ഓജസ്സിനെ ഉത്തേജിപ്പിക്കുന്നതിനാല്‍ ഓജസ്സ് ശരീരാന്തര്‍ഭാഗങ്ങളില്‍ അടിഞ്ഞുകിടക്കുന്ന ദുഷ്ട് മുഴുവന്‍ ഇളക്കി വിടുകയും അവയവങ്ങളുടെ പ്രവൃത്തിയെ സഹായിച്ചു ദുഷ്ടിനെ മുഴുവന്‍ ബഹിഷ്‌കരിക്കുകയും ചെയ്യുന്നതിലാണു രോഗങ്ങള്‍ മാറുന്നത്. വാതരോഗികളുടെ ചികിത്സയ്ക്കു ആയുര്‍വേദവൈദ്യന്‍മാര്‍ ഉപയോഗിക്കുന്നതു നാരങ്ങാക്കിഴിയും നാരങ്ങാ ചേര്‍ന്ന തൈലങ്ങളുമാണ്. പതിവായി ചെറുനാരങ്ങാനീരുപയോഗിച്ചാല്‍ രക്തശുദ്ധിയുണ്ടാകുന്നു. തന്‍മൂലം പിത്തം, വിളര്‍ച്ച, മലബന്ധം ഇവയും ചൊറി, പുഴുക്കടി, കുഷ്ഠം മുതലായ ത്വക്ക് രോഗങ്ങളും മൂത്രസംബന്ധമായ സുഖക്കേടുകളും മാറുന്നു. വയറ്റില്‍ വളരെക്കാലമായി ദഹിക്കാതെ കിടക്കുന്ന സാധനങ്ങളെക്കൂടി ദഹിപ്പിക്കാന്‍ നാരങ്ങാനീരിന് ശക്തിയുണ്ട്. പതിവായി നാരങ്ങാനീര് ഉപയോഗിക്കുന്നതായാല്‍ തൊലിക്കു മാര്‍ദ്ദവവും മിനുസവും ഉണ്ടാകും. പുഴുക്കടി, പൊരിക്കണ്ണി മുതലായവയ്ക്കു ചെറുനാരങ്ങ മുറിച്ചു തേച്ചാല്‍ മാറും. ചെറുനാരങ്ങ നീരുപയോഗിച്ചുകൊണ്ട് ഉപവസിച്ചാല്‍ ക്ഷയം മാറും.

എത്ര കഠിനമായ വയറുകടിയും, ചെറുനാരങ്ങ നീരും അതിലിരട്ടി ചെറുതേനും കൂട്ടിക്കലര്‍ത്തി ഒന്നോ രണ്ടോ പ്രാവശ്യം കൊടുക്കുന്നതായാല്‍ നിശ്ശേഷം ഭേദമാകുന്നതാണ്. പനി, ജലദോഷം മുതലായവയ്ക്കു ചെറുനാരങ്ങാനീരു മാത്രം കഴിച്ചുകൊണ്ട് ഉപവസിച്ചാല്‍ മതി. വേഗം സുഖം ലഭിക്കും. ചെറുനാരങ്ങാ നീരും മുന്തിരിങ്ങാനീരും ശുദ്ധജലവും ചേര്‍ത്ത് പതിവായി കുട്ടികള്‍ക്ക് കൊടുത്താല്‍ മലശോധന, രക്തപ്രസാദം എന്നിവയുണ്ടാകുകയും, കരപ്പന്‍, ഉദരരോഗങ്ങള്‍, ചുമ മുതലായ രോഗങ്ങള്‍ മാറുകയും ഓജസ്സും കാന്തിയും വര്‍ദ്ധിക്കുകയും ചെയ്യും.

ചെറുനാരങ്ങാനീരു വെള്ളത്തില്‍ കലക്കിക്കി, കുറേ കരിപ്പെട്ടിയും ചേര്‍ത്തു കുടിക്കുന്നതായാല്‍ രക്തശുദ്ധിയുണ്ടാകും. ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും.

തുമ്പയുടെ ഗുണങ്ങള്‍


1. കൊതുകിന്റ ശല്യത്തിന് പച്ചത്തുമ്പ നെരുപ്പോടില്‍ ഇട്ടു പുകച്ചാല്‍ മതിയാകും.
2. വയറ്റില്‍ ഉണ്ടാകുന്ന വേദന, ദഹനക്കുറവ് മുതലായ അസുഖങ്ങള്‍ക്ക് പ്രത്യേകിച്ചു സ്ത്രീകള്‍ക്കുണ്ടാകുന്ന ഗുന്മവായുവിന് തുമ്പയുടെ ഇല തോരന്‍വച്ച് ഉപയോഗിച്ചാല്‍ വളരെ പ്രയോജനകരമാണ്.
3. പ്രസവാനന്തരം തുമ്പ സമൂലം ഇട്ടുവെന്ത വെള്ളംകൊണ്ടു മൂന്നു ദിവസമെങ്കിലും കുളിക്കുന്നതു ദേഹകാന്തിക്കും വിഷാണുക്കളെ അകറ്റുന്നതിനും വിശേഷമാണ്.
4. തുമ്പയുടെ ഇല മൂന്നു കഴഞ്ച് അരിഞ്ഞ് ഒരു ചട്ടിയിലിട്ടു വറുത്ത് അതില്‍ നാഴി വെള്ളം ഒഴിച്ചു തിളപ്പിച്ച് എട്ടില്‍ ഒന്നാക്കുക. ആ കഷായം കുട്ടികളുടെ എത്ര ശക്തമായ വിരയുടെ ഉപദ്രവത്തിനും കൈകണ്ട ഔഷധമാണ്. ഒരു വയസ്സുമുതല്‍ അഞ്ചു വയസ്സുവരെ ഒരു ടീസ്പൂണ്‍ മുതല്‍ രണ്ടു ടീസ്പൂണ്‍ വരെ ദിവസം മൂന്നോ നാലോ പ്രാവശ്യം കൊടുക്കുക.
5. കുട്ടികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്കും വയറിളക്കത്തിനും തുമ്പപ്പൂവ് വിശേഷമാണ്. തുമ്പപ്പൂവ് വെള്ളത്തുണിയില്‍ കിഴികെട്ടി പാലുകാച്ചുമ്പോള്‍ അതിലിട്ടു കിഴി ഞെക്കിപ്പിഴിഞ്ഞ് ആ പാല്‍ കുട്ടികള്‍ക്ക് ദിവസേന കൊടുത്താല്‍ വിരകോപം ഉണ്ടാകുകയില്ല.
6. തേളുകടിച്ചാല്‍ ആ സ്ഥലത്തു തുമ്പയില കൈയ്യിലിട്ടു തിരുമി തേച്ചുകൊണ്ടിരുന്നാല്‍ വേദന ഉണ്ടാകുകയില്ല.
7. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന വയറ്റില്‍ വേദനയ്ക്കു പന്ത്രണ്ടു കഴഞ്ച് തുമ്പവേരു കഴുകി അരിഞ്ഞു ചതച്ചു 48 ഔണ്‍സ് വെള്ളത്തില്‍ കഷായം വച്ച് 6 ഔണ്‍സാക്കി 2 ഔണ്‍സുവീതം ദിവസം മൂന്നു പ്രാവശ്യം ആഹാരത്തിനു മുമ്പു സേവിച്ചാല്‍ ഉടനെ ഫലം കിട്ടുന്നതാണ്.
8. മഞ്ഞപ്പിത്തത്തിന് തുമ്പയില അരച്ചു പാലില്‍ കഴിക്കുക.
9. വിഷബാധയുണ്ടായാല്‍ (പാമ്പുകടിച്ചാല്‍) ഉടന്‍ കുറെ തുമ്പയില ചവച്ചു തിന്നുകയും കടിച്ച സ്ഥലത്ത് ഇല അരച്ച് തേച്ചിട്ട് വിഷഹാരിയെ കാണുക.
10. എല്ലാ വയറ്റില്‍ വേദനയ്ക്കും തുമ്പയിലയുടെ ചാറ് 2 ടീസ്പൂണ്‍ മുതല്‍ 4 ടീസ്പൂണ്‍ വരെ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുക.
11. തലവേദനയ്ക്കു തുമ്പയില അരച്ചിടുക.

ശതാവരി


കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണിത്. വളരെ കനം കുറഞ്ഞതും നീളമേറിയ ഇലകളോടുകൂടിയതുമായ ഈ ചെടി വൃക്ഷങ്ങങ്ങളിലും വേലികളിലും പടര്‍ന്നുകിടക്കുന്നതു നമ്മുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ഒരു മനോഹരമായ കാഴ്ചയാണ്. വള്ളിയില്‍ ധാരാളം മുള്ളുകളുണ്ട്. ഇതിന്റെ കിഴങ്ങ് വെളുത്ത് കട്ടിയുള്ളതും ധാരാളം അന്നജം അടങ്ങിയിരിക്കുന്നതുമാണ്. വിലമതിക്കപ്പെടാത്ത ഔഷധമുല്യമുള്ള ഒരു വസ്തുവിണിത്. വേദനയുളള ഭാഗത്ത് ഇതിന്റെ കിഴങ്ങ് അരച്ചു പുരട്ടിയാല്‍ വളരെ ചുരുക്കം നാളുകളില്‍ത്തന്നെ സുഖം പ്രാപിക്കുന്നതാണ്. വീക്കത്തിനും വളരെയധികം ശമനമുണ്ടാകും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് ഇതിന്റെ കിഴങ്ങിട്ടു കാച്ചിയ എണ്ണ ഉപയോഗിക്കാവുന്നതാണ്. പച്ചക്കിഴങ്ങു ദഹനത്തെ സഹായിക്കും. കറവപ്പശുക്കളില്‍ കാണുന്ന മുലവീക്കത്തിന് ഇതിന്റെ ഇലയും കിഴങ്ങുംകൂടി അരച്ചു പുരട്ടിയാല്‍ ശമനമുണ്ടാകും. ഇതില്‍റെ കിഴങ്ങ് സേവിക്കുന്നത് കൂടുതല്‍ മുലപ്പാലുണ്ടാകുവാന്‍ നല്ലതാണ്.

വയല്‍ചുള്ളി


കുളങ്ങളുടെ തീരങ്ങളിലും, തോടുകളുടെ ചിറകിലും, പാടങ്ങളിലും മറ്റും വളര്‍ന്നുവരുന്ന മുള്ളുള്ള ഒരുതരം ചെടിയാണിത്. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് രോഗങ്ങള്‍ക്ക് ഇതിന്റെ കഷായം ഉത്തമമാണ്. ചാരായത്തില്‍ ഇതിനെ വാറ്റി എടുക്കുന്ന ഔഷധം മൂത്രബന്ധത്തിനു നിവാരണമാര്‍ഗമായി ഉപയോഗിക്കാം. വിത്തുകാളകളുടെ ഓജസ് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഇതിന്റെ അരി പാലില്‍ അരച്ചു കൊടുക്കാവുന്നതാണ്.

കുടകന്‍ (മുത്തിള്‍)



വെള്ളപ്പശപ്പുള്ള വേലികളുടെയും, ചുമരുകളുടെയും, പാര്‍ശ്വഭാഗങ്ങളില്‍ വളരുന്ന ഒരു പടര്‍പ്പന്‍ ചെടിയാണ് കുടകന്‍. ചരകന്‍, ശുശ്രുതന്‍, വാഗ്ഭടന്‍ മുതലായ പൗരാണിക ഋഷീശ്വരന്‍മാര്‍ രസായനചികിത്സയില്‍ ഈ സസ്യത്തിന് അത്യുന്നതസ്ഥാനം കല്പിച്ചിട്ടുണ്ട്. ചര്‍മ്മരോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് കുടകന്‍. പനിക്കും വയറുകടിക്കും ഈ ചെടി ഉപയോഗപ്പെടുന്നു. ചെറിയ കുട്ടികള്‍ക്ക് ദഹനക്കേടു മാറ്റുവാന്‍ ഈ ചെടിയുടെ ഇല പാലില്‍ അരച്ചു കൊടുക്കാവുന്നതാണ്. വ്രണങ്ങളില്‍ ഇതു സമൂലമരച്ചു പുരട്ടുക.

Monday, June 24, 2013

മുരിങ്ങ


നമ്മള്‍ സാധാരണയായി കറിവയ്ക്കാനുപയോഗിക്കുന്ന മുരിങ്ങയ്ക്കുള്ള ഔഷധശക്തിയെപ്പറ്റി പലര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. ഈ മരത്തിന്റെ പട്ടയില്‍നിന്നുണ്ടാകുന്ന ചാറ് ഓറഞ്ചുനീരില്‍ ചേര്‍ത്തു കൊടുകക്കുകയാണെങ്കില്‍ വയറുവേദന, ദഹനക്കേട് മുതലായ ഉദരരോഗങ്ങള്‍ക്കു ശമനമുണ്ടാകും. വാതചികിത്സയ്ക്കും ഒരു ഉത്തമ ഒഷധമാണിത്. നീര്‍വീക്കത്തിന് ഇതിന്റെ വേര് അരച്ചുപുരട്ടാം. ഞരമ്പുസംബന്ധമായ തലചുറ്റല്‍, ഉന്മേഷക്കുറവ് മുതലായ അസ്വാസ്ഥ്യങ്ങള്‍ക്കും ഇത് ഒരു പ്രതിവിധിയാണ്. തടിയില്‍നിന്ന് ഊറ്റിയെടുക്കുന്ന ഗര്‍ഭാശയമുഖത്ത് പുരട്ടിയാല്‍ സുഖപ്രസവം നടക്കുമെന്ന് പറയപ്പെടുന്നു. ഗര്‍ഭാശയം, കരള്‍ എന്നീ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുവാനും ഉള്ള ഇതിന്റ കഴിവ് ഒന്നു വേറെയാണ്. ചെവിയില്‍ അനുഭവപ്പെടാറുള്ള വേദനയ്ക്ക് ഇതിന്റെ വേര് പിഴിഞ്ഞെടുക്കുന്ന നീര് ശുദ്ധിചെയ്ത് ഉപയോഗിക്കാവുന്നതാണ്. വ്രണങ്ങളും മുറിവുകളും സുഖപ്പെടുത്താന്‍ ഇതിന്റെ കായ് ഉപയോഗിക്കാം.

കൂവളം



അമ്പലത്തില്‍ പൂജയ്ക്ക് ഇതിന്റെ ഇല ഉപയോഗിക്കുന്നു. തഴച്ചു വളരുന്നതും മിക്ക സ്ഥലങ്ങളിലും കാണാവുന്നതുമായ ഒരു വലിയ മരമാണിത്. ആയുര്‍വേദം പുകഴ്ത്തിപ്പാടുന്ന ദശമൂലങ്ങളുടെ ഒരു അവിഭാജ്യഘടകമാണിത്. ഇതിന്റെ വേരിന്റെ പട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം ഹൃദ്രോഗികള്‍ക്ക് ഉത്തമമാണ്. ഇതിന്റെ പച്ചക്കായ ഉണക്കിപ്പൊടിച്ചു കൊടുക്കുന്നതായാല്‍ വയറുകടി പൊടുന്നനെ ശമിക്കുന്നതാണ്. പഴുത്ത കായുടെ ചാറ് മലബന്ധത്തിനു പ്രതിവിധിയായി ഉപയോഗിക്കാം. പനി നീരിളക്കം മുതലായ രോഗശമനത്തിനും ഒരു മേന്മയേറിയ പരിഹാരമാണെന്നു നവീനശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നു.

Saturday, June 22, 2013

ചെമ്പരത്തി


തോട്ടങ്ങളില്‍ ധാരാളമായി നട്ടുവളര്‍ത്തുന്ന ഈ ചെടി ഏവര്‍ക്കും സുപരിചിതമാണല്ലോ. മൂത്രത്തില്‍ക്കൂടി രക്തം പോകുന്നതിന് ഇതിന്റെ പൂക്കള്‍ വെള്ളത്തിലിട്ട് ആ വെള്ളം പ്രതിവിധിയായി ഉപയോഗിക്കാം. ചുമയ്ക്ക് ഈ പൂക്കള്‍ അരച്ചുകൊടുത്താല്‍ മതി. രോമം കൊഴിച്ചില്‍ തടയാന്‍ ഇതിന്റെ തളിരിലയും പൂവും കൂടി കാച്ചിയ എണ്ണ പുരട്ടിയാല്‍ മതിയാകുന്നതാണ്. രക്തശുദ്ധിക്കും ശരീരപുഷ്ടിക്കും ഇത് ഒരു നല്ല പ്രതിവിധിയാണ്.

കര്‍ക്കിടകശൃംഗി

തോണിയുടെ ആകൃതിയിലുള്ളതും ഇലയ്ക്കുചുറ്റും മുള്ളുപോലെ കാണുന്നതുമായ വിത്തോടുകൂടിയ ഒരു സസ്യമാണ് കര്‍ക്കിടകശൃംഗി. പൗരാണിക ഹൈന്ദവ ചികിത്സാസമ്പ്രദായത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ഔഷധമാണിത്. നവീനശാസ്ത്രത്തില്‍ക്കൂടിയുള്ള ഗവേഷണ ഫലമായി മേല്‍പ്പറഞ്ഞ ചെടി വയറിളക്കം, വയറുകടി മുതലായ ഉദരരോഗങ്ങള്‍ക്കും ഇതിന്റെ അരി പൊടിച്ചു കൊടുക്കാവുന്നതാണ്. മുറിവില്‍നിന്നുണ്ടാകുന്ന രക്തസ്രാവത്തിനെ നിര്‍ത്തുവാനും പറ്റിയ ഒരു ഔഷധമാണിത്. വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാല്‍ നീര്‍വീക്കങ്ങള്‍ കുറയുമെന്നും പറയപ്പെടുന്നു.

Friday, June 21, 2013

കീഴാര്‍നെല്ലി



നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി വളരുന്നതും ഇലയുടെ അടിഭാഗത്തു കായ്കളുള്ളതുമായ ഒരു ചെറിയ സസ്യമാണിത്. മഞ്ഞപ്പിത്തത്തിന്റെ ശമനത്തിനായി ഇതിനെയപേക്ഷിച്ചു ഇത്രയും അത്ഭുതാവഹമായ കഴിവുള്ള വേറെ എന്തെങ്കിലും ഔഷധമുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ചിരകാലപരിശ്രമം കഴിഞ്ഞിട്ടും പുരോഗമനത്തില്‍ മുമ്പില്‍ നില്‍ക്കുന്ന അലോപ്പതി ചികിത്സാസമ്പ്രമായത്തില്‍പ്പോലും മഞ്ഞപ്പിത്തത്തിന് ഒരു ഉചിതമായ പ്രതിവിധി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ ചെടിയുടെ കഷായം ദിവസം മൂന്നോ നാലോ പ്രാവശ്യം വീതം നാലഞ്ചുദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തത്തില്‍നിന്നു പരിപൂര്‍ണ്ണ സുഖം പ്രാപിച്ചുവരുന്നതായി കാണാറുണ്ട്. വയറിളക്കത്തിന് ഇതിന്റെ കഷായം ഒരു നല്ല പരിഹാരമാണ്. ജനനേന്ദ്രിയ സംബന്ധമായ രോഗങ്ങള്‍ക്ക് ഈ ചെടി സമൂലം അരച്ചുപുരട്ടിയാല്‍ ശമനം ഉണ്ടാകും. വ്രണങ്ങളില്‍ ഈ ചെടി കഞ്ഞിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവ കരിയുന്നതായി കാണാം.

ആടലോടകം


നമ്മുടെ നാട്ടില്‍ എല്ലായിടത്തും പ്രത്യേകിച്ചു മലബാര്‍ പ്രദേശത്ത് ധാരാളമായി കണ്ടുവരുന്ന പച്ച നിറത്തിലുള്ള നീണ്ട ഇലകളോടു കൂടിയതും വെള്ളയോ ചുവപ്പോ ആയ പുഷ്പങ്ങളോടു കൂടിയതും ആയ ഈ ചെടി വളരെയധികം ഔഷധപ്രാധാന്യമുള്ള ഒന്നാണ്. ഇതിലുള്ള ഔഷധാംശം വെസ്സിന്‍ എന്ന ഒരു വസ്തുവാണ്. ചുമ, കഫക്കെട്ടല്‍, പനി, മുതലായ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ഒരു ഒന്നാം തരം പ്രതിവിധിയാണ് ഈ ചെടിയുടെ നീര്. ഇലയില്‍നിന്നെടുക്കുന്ന ചാറോ ഉണക്കിപ്പോടിച്ച ഇലയോ ആണ് സാധാരണമായി ഉപയോഗിക്കുന്നത്.

തഴുതാമ




അതിപുരാതന കാലം മുതല്‍ക്കുതന്നെ ഇതിന്റെ ഔഷധസിദ്ധിയെപ്പറ്റി ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും മറ്റും പുകഴ്ത്തിപ്പറഞ്ഞുകാണുന്നു. വര്‍ഷകാലത്തു സുലഭമായി തഴച്ചുവളരുന്ന ഒരു പാടലിയാണു തഴുതാമ. സ്വേദഗ്രന്ഥികള്‍, മൂത്രഗ്രന്ഥികള്‍ മുതലായ മുതലായ വിസര്‍ജ്ജന പ്രവര്‍ത്തനക്ഷമതയെ ഉത്തേജിപ്പിക്കുവാന്‍ പര്യാപ്തമായ ഔഷധവീര്യങ്ങള്‍ അടങ്ങിയതാണ് ഈ സസ്യം. മറ്റു വീട്ടുമൃഗങ്ങളെ അപേക്ഷിച്ചു നായയില്‍ കാണുന്ന മഹോദരം എന്ന ഗുരുതരമായ രോഗത്തിനു സര്‍വ്വോപരി മേന്മയേറിയ ഒരു പ്രതിവിധിയാണ് ഇതിന്റെ വേരുകൊണ്ടുണ്ടാക്കുന്ന കഷായം. പുഴുക്കടി, ചൊറി മുതലായ ത്വക്ക് രോഗങ്ങള്‍ക്ക് ഇതിന്റെ ഇല അരച്ചുപുരട്ടുന്നത് ഉത്തമമാണ്. പനിക്കും മഞ്ഞപ്പിത്തത്തിനും ഇതിന്റെ കഷായം ഗുണകരമാണ്. പ്രായാധിക്കത്താല്‍ ഉണ്ടാകുന്ന  ഹൃദയത്തിന്റെ ബലക്ഷയത്തിനും മേല്പറഞ്ഞ കഷായം ഉത്തമമാണ്. പാമ്പു കടിച്ച കോള്‍വായില്‍ ഈ ചെടിയുടെ ഇല അരച്ചു പുരട്ടിയാല്‍ വിഷബാധ തടയാമെന്നു പറയപ്പെടുന്നു,

തഴുതാമ രണ്ടിനമുണ്ട്. സാമാന്യേന രണ്ടിനും ഗുണം ഒരുപോലെ തന്നെ. വാതം, കഫം, രക്തദോഷം, വ്രണം, മഹോദരം, ചുമ, വായുമുട്ടല്‍, വീക്കം, കൂട്ടുവിഷം വൃദ്ധി, നെഞ്ചുവേദന, അര്‍ശസ്സ്, പാണ്ട് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതിനു വിശിഷ്ടമായ ഔഷധമാകുന്നു. ഇതിന്റെ ഇല തോരന്‍വച്ച് ഉപയോഗിക്കാവുന്നവയാകുന്നു. വാതത്തിനും, കഫത്തിനും, ഗുന്മരോഗത്തിനും, പ്‌ളീഹരോഗത്തിനും അതിവിശേഷമാണ്. ദേഹമാസകലം നീരുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു പഥ്യാഹാരമാകുന്നു. ഗര്‍ഭിണികള്‍ക്ക് മൂത്രത്തില്‍ ആല്‍ബുമിന്‍ ഉണ്ടാകുകയും ശരീരത്തില്‍ നീരുണ്ടാകുകയും ചെയ്യുന്നതിനു തഴുതാമയുടെ വേരു കഷായം വളരെ പ്രയോജനകരമാണ്.

Thursday, June 20, 2013

ത്രിഫലയുടെ ഗുണങ്ങള്‍

കഫം, പിത്തം, മേഹം, കുഷ്ഠം, അര്‍ശ്ശസ്സ്, വിഷജ്വരം, മുഖരോഗം, ഗളകുണ്ഡം, വ്രണം, നാളീവ്രണം, ചൊറി, രക്തദോഷം, മേദസ്, ഇവയെ ശമിപ്പിക്കും.

അഗ്നിയെ വര്‍ദ്ധിപ്പിക്കും. രുചിയുണ്ടാക്കും. കണ്ണിനു നല്ലതാകുന്നു. മലത്തെ ഇളക്കും, ശുക്‌ളത്തെ വര്‍ദ്ധിപ്പിക്കും. ഹൃദയപ്രസാദത്തെ ഉണ്ടാക്കും. ബലത്തെ കൊടുക്കും. ബുദ്ധിപ്രസാദത്തെയും ഓര്‍മ്മയെയും വരുത്തും. വ്രണത്തെ വരട്ടും. രസായനങ്ങളില്‍വച്ചു ശ്രേഷ്ഠമായിരിക്കും. ഇങ്ങനെ അനവധി ഗുണങ്ങള്‍ ത്രിഫല്‌യ്ക്കുണ്ട്. വ്രണങ്ങളില്‍ ത്രിഫലപ്പൊടിയിട്ടു കെട്ടിയാല്‍ വളരെ വേഗം വ്രണം ഉണങ്ങുന്നതാണ്. ത്രിഫലയും ഇരട്ടിമധുരവും കൂടി പൊടിച്ചു പടവലാദിനെയ്യിലല്‍ കുഴച്ചു സേവിക്കുന്നതു നേത്രരോഗങ്ങളില്‍ വളരെ വിശേഷം ചെയ്യുന്നതാണ്.

ത്രിഫല ഏതു പ്രായത്തിലും തരത്തിലും ഉള്ളവര്‍ക്കും സ്ത്രീക്കും, പുരുഷനും നിത്യവും ശീലിക്കാവുന്ന ഔഷധമാണ്. ഇതു ശീലിച്ചാല്‍ മിക്കവാറും രോഗങ്ങള്‍ വരാതിരിക്കതന്നെ ചെയ്യും. നിഷ്പ്രയാസം ലഭിക്കുന്ന ഈ ഔഷധത്തെ നമുക്കു ബഹുമാനമില്ല.

നരച്ച രോമം കറുപ്പിക്കുന്നതിനും അകാലത്തിലുള്ള നരയെ ഇല്ലാതാക്കുന്നതിനും മറ്റും ത്രിഫല പ്രയോഗങ്ങള്‍ അനവധിയുണ്ട്.

(കരിമ്പിന്‍ നീരില്‍ ഉരുക്കുപൊടി, കയ്യൊന്നി, ത്രിഫല, കറുത്ത മണ്ണ് ഇവ സമം ഇട്ട് ഒരു മാസം വച്ചിരുന്നതിനുശേഷം എടുത്തു പുരട്ടിയാല്‍ നര ശമിക്കും.)

നെല്ലിക്കാ എണ്ണം മൂന്ന്, കടുക്കാ രണ്ട്, താന്നിക്കാ ഒന്ന്, മാങ്ങയണ്ടിപ്പരിപ്പ് അഞ്ച്, ഉരുക്കുപൊടി മൂന്ന് കഴഞ്ച് ഇവയെല്ലാം കൂടി അരച്ച് ഇരുമ്പു പാത്രത്തിലാക്കിവച്ചു പിറ്റേ ദിവസം എടുത്തു തേച്ചാല്‍ അകാലത്തിലുണ്ടാകുന്ന നര ശമിക്കും.

വായിലെ രോഗങ്ങള്‍ക്ക് ത്രിഫലക്കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഗണ്ഡൂഷം ( കവിള്‍ക്കൊള്ളുന്നത് ) വളരെ ഗുണകരമാകുന്നു.

ത്രിഫലാമധുര ഗണ്ഡൂഷ :
കഫാസൃക്പിത്തനാശന :

എന്നതുകൊണ്ടു കഫം, രക്തം, പിത്തം ഇവകൊണ്ടുള്ള ദോഷങ്ങളെയും ശമിപ്പിക്കുന്നതാണ്.

ത്രിഫലയും അമൃതും കൂടി കഷായം വച്ച് അതില്‍ ലോഹഭസ്മം ചേര്‍ത്തു സേവിച്ചാല്‍ ഉദരവൃദ്ധിയെ ശമിപ്പിക്കുന്നതാണ്.

ത്രിഫലക്കഷായത്തില്‍ ത്രികോല്പക്കൊന്നയുടെ പൊടി ചേര്‍ത്തു സേവിച്ചാല്‍ കാമിലയുടെ ശമനം ലഭിക്കുമെന്നാണ് വിധി.

വാഗ്ഭടാചാര്യന്‍ രസായനവിധിയില്‍ ത്രിഫലയില്‍പ്പെട്ട ഏതെങ്കിലും ഔഷധം എള്ളിനോടുകൂടി സേവിക്കുവാന്‍ വിധിക്കുന്നു.

നെല്ലിക്കായോ, താന്നിക്കായോ, കടുക്കായോ പൊടിച്ച് എള്ളിനോടുചേര്‍ത്ത് ഭക്ഷിച്ചാല്‍ അവന്‍ സുന്ദരനായും യുവത്വം നശിക്കാത്തവനായും ഇരിക്കും. ത്രിഫലത്തോട്, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ് ഇവ പൊടിച്ച് എണ്ണയില്‍ കുഴച്ചു സേവിക്കുക. ഇങ്ങനെ ആറുമാസം ഉപയോഗിച്ചാല്‍ കഫം, മേദസ്സ്, വായു ഇവ ശമിക്കും.

തിമിരരോഗി ത്രിഫലക്കഷായം ശീലിക്കണം. തിമിരം വാതജമാണെങ്കില്‍ എണ്ണയിലും, പിത്തജമാണെങ്കില്‍ നെയ്യിലും, കഫജമാണെങ്കില്‍ തേനിലും ചേര്‍ത്തു ത്രിഫല സേവിക്കണമെന്നു പ്രത്യേകം വിധിയുണ്ട്.

ഇതുപോലെതന്നെ അന്ധന്‍മാര്‍ക്കും കണ്ണിനു കാഴ്ചയുണ്ടാകുന്ന ഒരു പ്രയോഗം ത്രിഫലകൊണ്ടു പറയുന്നു.
ത്രിഫല ഇരുമ്പു പാത്രത്തില്‍ കഷായംവെച്ചു പിഴിഞ്ഞരിച്ച് ആറ്റിക്കുറുക്കി നെയ്യ് മേമ്പൊടി ചേര്‍ത്തു രാത്രി അത്താഴം കഴിച്ചതിനുശേഷം സേവിക്കുക.

ത്രിഫല, ഇരട്ടിമധുരം, ഉരുക്കുഭസ്മം ഇവ സമം ശീലപ്പെടിയാക്കിച്ചേര്‍ത്തു തേനും നെയ്യും കൂട്ടിക്കുഴച്ചു സേവിക്കുകയും പശുവിന്‍പാല്‍ അനുപാനമായി കുടിക്കുകയും വേണം. ഛര്‍ദ്ദി, തിമിരം, ശൂലം, അമ്‌ളപിത്തം, പനി, തളര്‍ച്ച, മേല്‍വയറു വീര്‍ക്കുക, മൂത്രകുഛ്രം, നീര്  ഇവ ശമിക്കും.

കണ്ണിന്റെ രോഗങ്ങളില്‍ പുറമേയും ത്രിഫല ഉപയോഗിക്കാന്‍ വിധിക്കുന്നുണ്ട്.

ത്രിഫലക്കഷായം കൊണ്ടു കണ്ണു കഴുകുകയോ, കഷായം കണ്ണിലൊഴിക്കുകയോ ചെയ്താല്‍ നേത്രരോഗം ശമിക്കും. വായില്‍ ആ കഷായം കവിള്‍കൊണ്ടാല്‍ മുഖരോഗങ്ങള്‍ ശമിക്കും. സേവിച്ചാല്‍ കാമില സുഖപ്പെടും.

ത്രിഫലക്കുരു

സാധാരണ ത്രിഫലയുടെ തോലാണു ഗ്രാഹ്യാംശമായി അംഗീകരിച്ചിട്ടുള്ളതെങ്കിലും അതിന്റെ കുരുവും ചില പ്രത്യേക ഘട്ടങ്ങളില്‍ ഉപയോഗിച്ചുവരുന്നു.