Sunday, July 21, 2013

ചുവന്നുള്ളിയുടെ ഔഷധഗുണം


സംസ്‌കൃതം - പാലാണ്ഡു
തമിഴ് - വെങ്കായം
മലയാളം - ചുവന്നുള്ളി

വയറ്റുവേദനയ്ക്ക്


ചുവന്നുള്ളി അല്പം ഉപ്പും ചേര്‍ത്ത് കഴിക്കുക.

തലവേദന, ജലദോഷം

ചുവന്നുള്ളി ചതച്ച് കൂടെക്കൂടെ മണപ്പിക്കുക.

അര്‍ശ്ശസിന്

ചുവന്നുള്ളി ചതച്ച് ഇന്തുപ്പുമായി ചേര്‍ത്ത് ചൂടാക്കി കിഴികെട്ടി വിയര്‍പ്പിക്കുക.

പനി, ചുമ, ശ്വാസം മുട്ടല്‍


ഇഞ്ചി ചതച്ച് നീരെടുത്ത് ഊറല്‍ മാറ്റി അതും ചുവന്നുള്ളി ചതച്ച് ചാറും കൂട്ടി അല്പം തേനും ചേര്‍ത്ത് ഒന്നോ രണ്ടോ സ്പൂണ്‍ വീതം കഴിക്കുക.

ചെവിവേദനയ്ക്കും കേള്‍വിക്കുറവിനും


1. ചുവന്നുള്ളി എരിക്കിലയില്‍ പൊതിഞ്ഞ്, ആ പൊതി മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് വേണ്ട പോലെ ചുട്ടെടുത്ത് മണ്ണു കളഞ്ഞ് പിഴിഞ്ഞെടുക്കുന്ന നീര് ചെറുചൂടോടെ ചെവിയില്‍ നിര്‍ത്ത്ുക.
2. ചുവന്നുള്ളി, കായം ഇവ അരച്ച് എരിക്കിലയില്‍ തേച്ച് വാട്ടിപ്പിഴിഞ്ഞ് അരിച്ചെടുത്ത് നീര് ചെവിയില്‍ നിര്‍ത്തുക.

Friday, July 19, 2013

കടുകിന്റെ ഔഷധ ഉപയോഗങ്ങള്‍



ത്വക്ക് രോഗങ്ങള്‍ക്ക്

1. കടുകും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുക.
2. കടുകും കൊന്നത്തളിരും കൂട്ടി അരച്ച് പുരട്ടുക.

വേദനയ്ക്ക്

കടുക് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് അതുകൊണ്ട് വേദനയുളള ഭാഗങ്ങളില്‍ ആവിപിടിക്കുക.

വായിലെ അസുഖങ്ങള്‍ക്ക്


കടുകും അല്പം ഇന്തുപ്പും ഇട്ട് തിളപ്പിച്ച് അതുകൊണ്ട് കവിള്‍ കൊള്ളുക.

അപസ്മാരത്തിന്

കടുക് ഗോമൂത്രത്തില്‍ അരച്ച് ശരീരത്തില്‍ പുരട്ടുക.

കുരുക്കള്‍, വ്രണം, അര്‍ശ്ശസ്


കടുകെണ്ണ പുരട്ടുക.

മഞ്ഞളിന്റെ ഗുണങ്ങള്‍


Botanical Name - Curcuma Longa
സംസ്‌കൃതം - ഹരിദ്ര
തമിഴ് - മഞ്ചള്‍
മലയാളം - മഞ്ഞള്‍

ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്കു മുമ്പുതന്നെ മഞ്ഞള്‍ മിക്കവാറും ആഹാരസാധനങ്ങള്‍ പാകം ചെയ്യുമ്പോഴും അതില്‍ ഉപയോഗിച്ചുവന്നിരുന്നത് ഇതിന്റെ വിഷഹരണശക്തികൊണ്ടാവാം. ത്വക്കിന്റെ സംരക്ഷണത്തിനായി ചിലര്‍ കുളിക്കുമ്പോള്‍ മഞ്ഞള്‍ ശരീരത്തില്‍ പുരട്ടുന്നത് രോഗബീജങ്ങളെ നശിപ്പിക്കുവാനുള്ള കഴിവുള്ളതിനാലാണ്.

വ്രണങ്ങള്‍ക്ക്

1. മഞ്ഞളും, വേപ്പിലയും ചേര്‍ത്തരച്ച് ലേപനം ചെയ്യുക.
2. മഞ്ഞളും വേപ്പിലയും ഉണക്കിപ്പ1ടിച്ച് ധൂമം ഏല്‍പ്പിക്കുക.

കണ്ണ് പഴുപ്പ്

ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി 250 വെള്ളത്തില്‍ 10 മിനിട്ട് തിളപ്പിച്ച് അരിച്ചെടുക്കുക. പിന്നീട് ശുദ്ധമായ പഞ്ഞി ലായനിയില്‍ കുതിര്‍ത്ത് നിത്യവും 5 പ്രാവശ്യം തുടച്ചെടുക്കുക.

ഇസ്‌നോഫീലിയ

ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി പാലില്‍ കലക്കി ദിവസവും രാത്രി സേവിക്കുക.

ഒടിവ്, ചതവ്

മഞ്ഞള്‍ ചെറുനാരങ്ങാനീര് ചേര്‍ത്തരച്ച് അല്പം ഇന്തുപ്പും ചേര്‍ത്ത് ചൂടാക്കി ലേപനം ചെയ്യുക.

ചിക്കന്‍പോക്‌സ്

ഇവയില്‍ മഞ്ഞള്‍ അരച്ചോ, പൊടിച്ചോ ശരീരത്തില്‍ തേയ്ക്കുക.

ത്വക്കിന്റെ നിറത്തിന്

മഞ്ഞളും, ചെറുപയറും, തെറ്റിപ്പൂവും കൂടെ ഉണക്കിപ്പൊടിച്ച് തേയ്ക്കുക.

കരപ്പന്

മഞ്ഞളും മുത്തങ്ങയും വെള്ളം കൂടാതെ അരച്ച് തേയ്ക്കുക

പ്രമേഹക്കുരുവിന്

പച്ചമഞ്ഞളും, എള്ളും കോവിലയും അരച്ചു തേയ്ക്കുക.

പ്രമേഹത്തിന്

വെണ്ണയുമായി മഞ്ഞള്‍പ്പൊടി സേവിക്കുക.

Thursday, July 18, 2013

ഉലുവയുടെ ഗുണങ്ങള്‍


Botanical Name - Trigonella foenum-graecum
വയറുകടിക്ക്

1. ഉലുവ 50 എണ്ണം, ജീരകം 100 എണ്ണം ഇവ അരച്ച് ഒരുതുടം തൈരില്‍ വെള്ളത്തില്‍ കലക്കി രണ്ടു പ്രാവശ്യം കഴിക്കുക.
2. ഉലുവ വറുത്തു പൊടിച്ച് തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കൂടെക്കൂടെ കഴിക്കുക.

വാതരോഗങ്ങള്‍ക്ക്

കാപ്പിയില്‍ അല്പം ഉലുവ കൂടിയിട്ട് ഉപയോഗിക്കുക.

കൈവേദനയ്ക്ക്


ഉലുവ, ഉഴുന്ന്, എള്ള്, ചതകുപ്പ ഇവ പാലില്‍ പുഴുങ്ങി തേങ്ങാപ്പാല്‍ കൂട്ടി അരച്ചു തേക്കുക.

തലമുടി കൊഴിയുന്നതിന്

ഉലുവ പച്ചവെള്ളത്തില്‍ ഇട്ട് വച്ചിരുന്നശേഷം ഞവുടി താളിപോലെ തേച്ച് തല കഴുകുക

നീരിനും പൊള്ളലിനും

ഉലുവ അരച്ച് ചൂടാക്കി തണിപ്പിച്ച് ലേപനം ചെയ്യുക.

വാതസംബന്ധമായ വീക്കത്തിനും വേദനയ്ക്കും

ഉലുവ പാലിലോ, തേങ്ങാപ്പാലിലോ പുഴുങ്ങി അരച്ച് വെണ്ണകൂട്ടി തേയ്ക്കുക.

എള്ളിന്റെ ഗുണങ്ങള്‍


Botanical Name - Sesamum Indicum
സംസ്‌കൃതം - തില
തമിഴ്, മലയാളം - എള്ള്

എള്ള് ശരീരത്തിന് ബലവും പുഷ്ടിയും ഉണ്ടാക്കും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളുകൊണ്ട് ഉണ്ടാക്കുന്നു. ശരീരത്തില്‍ പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗങ്ങള്‍ക്ക് എള്ള് ഉത്തമമായ പ്രതിവിധിയാണ്. പ്രോട്ടീന്റെ അളവ് വര്‍ദ്ധീക്കുവാന്‍ എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കുക.

ശരീരബലത്തിനും ധാതുപുഷ്ടിക്കും

എള്ളും അരിയും വറുത്തിടിച്ച് തിന്നുക.

ശരീരമനോഹാരിതയ്ക്ക്

കറുത്ത എള്ള് വറുത്ത് പൊടിച്ച്, നെല്ലിക്കയും, കയ്യോന്നിയും ഉണക്കി പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക.

വയറുവേദനയ്ക്ക്

ചുക്ക്, അതിന്റെ ഇരട്ടി എള്ള്, എള്ളിന്റെ ഇരട്ടി ശര്‍ക്കര ഇവയരച്ച് പാലില്‍ സേവിക്കുക.

വ്രണങ്ങള്‍ക്ക്

എള്ളും വേപ്പിലയും ചേര്‍ത്തരച്ചു തേന്‍ ചേര്‍ത്ത് ലേപനം ചെയ്യുകയാണെങ്കില്‍ വ്രണം ശുദ്ധമാകും. അതിനുശേഷം വേപ്പിലയരച്ച് തേനും നെയ്യും ചേര്‍ത്ത് ലേപനം ചെയ്താല്‍ വ്രണം ഉണങ്ങും.

കുഷ്ഠത്തിന്

കാരെള്ളും കാര്‍കോലരിയും കൂട്ടിപ്പൊടിച്ച് മുടങ്ങാതെ സേവിക്കുക.

വിഷമാര്‍ത്തവത്തിലും, ലുപ്താര്‍ത്തവത്തിലും

1. കുറച്ച് എള്ളെടുത്ത് വറുത്തുപൊടിച്ച് ഓരോ സ്പൂണ്‍ ദിവസേന രണ്ടുനേരം ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് കഴിച്ചു തുടങ്ങുക.
2. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നത് ആര്‍ത്തവ അസുഖങ്ങള്‍ക്ക് നല്ലതാണ്.

രക്താര്‍ശ്ശസിന്

എള്ള് അരച്ച് സമം വെണ്ണയും ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുക.

വീക്കം, കുരുക്കള്‍


എള്ളില അരച്ചു ലേപനം ചെയ്യുക.

തലമുടിക്ക്


എള്ളെണ്ണ തേക്കുന്നതും, എള്ളിലയരച്ചു തലയ്ക്കു തുടര്‍ന്ന് ഉപയോഗിക്കുന്നതും നല്ലതാകുന്നു.

Wednesday, July 17, 2013

ജീരകത്തിന്റെ ഗുണങ്ങള്‍


Botanical Name - Cuminum cyminum
സംസ്‌കൃതം - ജീരകം
തമിഴ്- സീരകം
മലയാളം - ജീരകം

ജീരകം ഇട്ടു തിളപ്പിച്ച വെള്ളം മിക്കവാറും വീടുകളില്‍ ഉപയോഗിച്ചു വരുന്നുണ്ട്.

വായുക്ഷോഭത്തിന്

1. അല്പം ജീരകകര്‍ക്കം തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് സേവിക്കുക.
2. 15 ഗ്രാം ജീരകം വറുത്ത് നാഴി വെള്ളത്തില്‍ കഷായം വെച്ച് മറ്റു ഗുളികകളോട് ചേര്‍ത്തോ ചേര്‍ക്കാതെയോ കഴിക്കുക.

ചുമയ്ക്ക്

ജീരകം, ചുക്ക്, ഇവ സമം ചേര്‍ത്ത് ഉണക്കിപ്പൊടിച്ച് അല്പം തേന്‍ ചേര്‍ത്ത് കഴിക്കുക.

മൂത്രവികാരങ്ങള്‍ക്ക്


ജീരകചൂര്‍ണ്ണം, പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

തുമ്മലിന്


തുളസിയില ഇടിച്ചു പിഴിഞ്ഞ നീരില്‍ ജീരകം അരച്ചു കലക്കി എണ്ണ കാച്ചി തേക്കുക.

തലവേദന

മല്ലി, ജീരകം, അര സ്പൂണ്‍ വീതം കഷായം ഉണ്ടാക്കി രണ്ടുനേരം വീതം നാലു ദിവസം കഴിക്കുക.

ഉറക്കം കുറഞ്ഞാല്‍


ഇരട്ടിമധുരം, ജീരകം സമം പൊടിച്ച് 8 ഗ്രാം പൊടി കദളിപ്പഴം കൂട്ടി യോജിപ്പിച്ച് സേവിക്കുക.

അരുചി മാറാന്‍

ജീരകം അരച്ചു പൊടിച്ച് തേന്‍ ചേര്‍ത്ത് കൂടെക്കൂടെ കഴിക്കുക.

അയമോദകത്തിന്റെ ഉപയോഗങ്ങള്‍



ഛര്‍ദ്ദി, അതിസാരം, അജീര്‍ണ്ണം, വയറ്റുവേദന, കൃമി വികാരം എന്നിവയ്ക്ക്

1. അയമോദകം വറുത്തുപൊടിച്ച് അല്പം മോരോ, തേനോ, ശര്‍ക്കരയോ ചേര്‍ത്ത് കൂടെക്കൂടെ സേവിക്കുക.
2. കുറച്ച് അയമോദകം വറുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച്, കുറച്ചു വെള്ളം പറ്റിച്ച് ആ വെള്ളം കൂടെക്കൂടെ കഴിക്കുക.

അയമോദകം ഇന്ന് സുലഭമാണ്. ഇത് കുറേശ്ശെ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് സേവിക്കുക.

തലയിലെ മുറിവിന്

അയമോദകം പൊടിച്ചിട്ടാല്‍ ഭേദമാകും

ദഹനക്കേടിനും, കൃമിക്കും

അയമോദകം, കടുക്ക, ചുക്ക്, ഇന്തുപ്പ് ഇവ സമം പൊടിച്ച് വെന്ത വെള്ളം കുടിക്കുക.

കായത്തിന്റെ ഉപയോഗങ്ങള്‍


Botanical Name : Asafoetida
ഇത് വറുത്തുപൊടിച്ചാണ് സേവിക്കേണ്ടത്.

അരുചി, അഗ്നിമാന്ദ്യം എന്നിവയ്ക്ക്

ചൂടുവെള്ളത്തിലോ മോരിലോ അല്പം കായപ്പൊടി കലക്കി സേവിക്കിക.

ചെവിവേദനയ്ക്ക്

കായം, വെളുത്തുള്ളി ഇവ അരച്ച് എരിക്കിലയില്‍ തേച്ച് വാട്ടി പഴിഞ്ഞ് അരിച്ചെടുത്ത നീര് ചെവിയില്‍ ഇറ്റിക്കുക.

വിര, കൃമിശല്യത്തിന്

കായം, ഏലക്ക, ഗ്രാമ്പു ഇവ സമം എടുത്ത് വറുത്തുപൊടിച്ച് അല്പം പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുക. കൃമിവികാരങ്ങള്‍ ശമിക്കും വരെ ഇത് കഴിക്കണം.

ചുമയ്ക്കും, ശ്വാസംമുട്ടലിനും

അല്പം കായം ഉരസ്സില്‍ തടവുന്നതും മണപ്പിക്കുന്നതും നല്ലതാണ്.

കറിവേപ്പിലയുടെ ഉപയോഗങ്ങള്‍


Botanical Name - Murraya koenigii
സംസ്‌കൃതം - സുരഭീനിംബ
തമിഴ് - കറുവേമ്പ്
മലയാളം - കറിവേപ്പ്

അര്‍ശ്ശസ് മാറുന്നതിന്

കറിവേപ്പില 20 ഗ്രാം, കടുക്കാത്തോടി 15 ഗ്രാം, ചുക്ക് 5 ഗ്രാം, പടവലത്തണ്ട് 20 ഗ്രാം എന്നിവ കഴുകി ചതച്ച് ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് നാഴിയാക്കി ആ കഷായം കുടിക്കുക.

ശരീരം മെലിയുന്നതിന്


കറിവേപ്പില കല്‍ക്കമായി നെയ്യ് കാച്ചി ആ നെയ്യ് ദിവസേന ഉപയോഗികിക്കുക.

ദഹനക്കേടിന്

കറിവേപ്പില അരച്ച് മോരില്‍ കലക്കി കുടിക്കുക

തൊക്ക് രോഗങ്ങള്‍ക്ക്


കുറച്ചു കറിവേപ്പിലയും മഞ്ഞളും ചതച്ചിട്ട് വെള്ളം വെന്ത് ആ കഷായം ദിവസവും ഉപയോഗിക്കുക.

വിഷബാധയ്ക്ക്


കറിവേപ്പില ചതച്ചിട്ട് വെള്ളം കുടിക്കുക.

Monday, July 15, 2013

വെളുത്തുള്ളിയുടെ ഉപയോഗങ്ങള്‍


Botanical Name - Allium Sativum
സംസ്‌കൃതം - ലശുന
തമിഴ് - വെള്ളൈ പുണ്ഡു
മലയാളം - വെള്ളുള്ളി

പുരാതനകാലം മുതല്‍തന്നെ വെളുത്തുള്ളി ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തുവരുന്നു. വളരെ പോഷകമൂല്യമുള്ള ഒന്നാണിത്.

ചുമയ്ക്കും ജ്വരത്തിനും

വെളുത്തുള്ളിയെടുത്ത് അല്പം വെള്ളവും ചേര്‍ത്ത് നല്ലതുപോലെ ചതച്ച് ചാറെടുത്തു സമം പഞ്ചസാരയുമെടുത്ത് കലക്കി അതില്‍ നിന്നും ഓരോ സ്പൂണ്‍ വീതം കഴിക്കുക.

പഴകിയ ആസ്ത്മയ്ക്ക്


വിനാഗിരിയില്‍ വേവിച്ചെടുത്ത വെളുത്തുള്ളി, തേനും ചേര്‍ത്തരച്ച്, ഉലുവ കഷായത്തില്‍ പതിവായി സേവിക്കുക.

ക്ഷയത്തിന്

വെളുത്തുള്ളി സമം വീഴാലരിയും പശുവിന്‍ പാലില്‍ കാച്ചി കഴിക്കുക.

തൊണ്ടവീക്കം

വെളുത്തുള്ളി ചൂടാക്കി അതു ഭക്ഷിക്കുകയും അരച്ചു തൊണ്ടയില്‍ പുരട്ടുകയും ചെയ്യുക.

രക്തസമ്മര്‍ദ്ദത്തിന്


ആറു വെളുത്തുള്ളി തൊലികളഞ്ഞ് പാലില്‍ കാച്ചി ദിവസവും കഴിക്കുക. ഹൃദ്രോഗത്തിനും നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക് ദഹനക്കുറവും കാല്‍കഴപ്പും ഉള്ളപ്പോള്‍

ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ദിവസവും കഴിക്കുക.

മലശോധനക്കുറവും, വായുസ്തംഭനവും ഉള്ളപ്പോള്‍

1. പെരുങ്കായം നെയ്യില്‍ വറുത്ത്, കുറച്ച് വെളുത്തുള്ളി, പുളി, ഉപ്പ്, കറിവേപേപ്പില എന്നിവ ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുക.
2. കുറേശ്ശെ വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ്, ദിവസേന ഭക്ഷണത്തിലൂടെ കഴിക്കുക.

മുറിവ്, ചതവ് ഇവയ്ക്ക്

വെളുത്തുള്ളി തൊലികളഞ്ഞ് നല്ലതുപോലെ അരച്ചു പുരട്ടി ശുദ്ധമായ തുണികൊണ്ട് കെട്ടുക.

കര്‍ണ്ണരോഗങ്ങള്‍ക്ക്


1. രണ്ട് വെളുത്തുള്ളി തോലോടുകൂടി അരച്ച് ഒരു ഔണ്‍സ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത്, മൂന്നി ഉണങ്ങിയ മുളകും ചെറുതായി നുറുക്കിയിട്ട് കാച്ചി, ഉള്ളി ചുമക്കുമ്പോള്‍ വാങ്ങി ചൂടാറിയാല്‍ അരിച്ചെടുത്ത് സൂക്ഷിക്കുക. ഈ തൈലം മൂന്നു തുള്ളി വീതം ചെവിയില്‍ ഇറ്റിച്ചു പഞ്ഞി വെയ്ക്കുക. ഇപ്രകാരം കുറച്ചു ദിവസം തുടര്‍ന്നു ശീലിച്ചാല്‍ ചെവിമാന്ദ്യം, വേദന, എന്നിവയും മറ്റെല്ലാവിധ കര്‍ണ്ണരോഗങ്ങളും ശമിക്കും.

2. വെളുത്തുള്ളി ഉപ്പുവെള്ളവും തളിച്ച് ചതച്ചു പഴിഞ്ഞ നീര് ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദന ശമിക്കുന്നതാണ്. തീയില്‍ ചൂടാക്കി പിഴിഞ്ഞ നീരിറ്റിച്ചാലും മതി.

സ്വരസാദം


വെളുത്തുള്ളി സ്വരസം തേനുമായി കൂട്ടി ഓരോ സ്പൂണ്‍ വീതം ഒരു മാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

വളം കടിക്ക്


കാല്‍ വിരലുകളുടെ ഇടയില്‍ ചൊറിച്ചിലും, വേദനയും, തൊലി പൊട്ടുകയും ചെയ്യുമ്പോള്‍ വെളുത്തുള്ളിയും സമം മഞ്ഞളും ചേര്‍ത്തരച്ച് ഒരാഴ്ച പുരട്ടിയാല്‍ ശമനം കിട്ടും.

വെള്ളപ്പാണ്ട് മാറുന്നതിന്


വെളുത്തുള്ളി തൊലി കളഞ്ഞു തേനിലിട്ടുവച്ച് 45 ദിവസം കഴിഞ്ഞ് ദിവസേന ഓരോ സ്പൂണ്‍ വീതം സേവിക്കുക.

മൂത്ര തടസ്സത്തിന്


വെളുത്തുള്ളി ചതച്ച് അടിവയറ്റത്തു വച്ചുകെട്ടുക

ബുദ്ധിഭ്രമം


വെളുത്തുള്ളിയോ, ചുമന്നുള്ളിയോ ചതച്ച് ഉള്ളം കാലുകളില്‍ വെച്ച് കെട്ടിയാല്‍ ബുദ്ധിഭ്രമവും, ജ്വരവും മാറും, ഉറക്കം ഉണ്ടാവുകയും ചെയ്യും.

ബോധക്ഷയം

കുരുമുളകും, വെളുത്തുള്ളിയും അരച്ച് നീര് ഞെക്കിപ്പിഴിഞ്ഞ് മൂക്കില്‍ ഇറ്റിച്ച് ഊതി കയറ്റുക. ബോധം തെളിയും.

വാതവ്യാധികള്‍ മാറുന്നതിന്


1. മാഷതൈലത്തില്‍ വെളുത്തുള്ളി അരച്ചുചേര്‍ത്ത് കൈയില്‍ പുരട്ടുകയും, അതോടൊപ്പം ശതാവരിക്കിഴങ്ങും, ഉഴുന്നും കൂടി കഷായം വെച്ച് സേവിക്കുകയും ചെയ്താല്‍ അപബാഹുകം (കൈയിലുണ്ടാകുന്ന വാതം) ശമിക്കും. വെളുത്തുള്ളി അധികമായി സേവിച്ചുണ്ടാകുന്ന അജീര്‍ണ്ണത്തിന് രാമച്ചം, ചന്ദനം എന്നിവ കഷായം വച്ച് നെയ്യ് ചേര്‍ത്ത് സേവിക്കേണ്ടതാണ്.

2. വെളുത്തുള്ളിയുടെ നീരില്‍ വെളുത്തുള്ളി തന്നെ കല്‍ക്കമാക്കി കാച്ചിയ നെയ്യ് സേവിക്കുന്നത് സകലവിധ വാതരോഗങ്ങള്‍ക്കും ഗുണകരമാണ്.

3. വെളുത്തുള്ളി ചേര്‍ത്ത് കാച്ചിയ എണ്ണ എല്ലാവിധ വാതരോഗങ്ങള്‍ക്കും നല്ലതാണ്.

Sunday, July 14, 2013

തിപ്പലിയുടെ ഗുണങ്ങള്‍


Botanical Name - Piper longum
സംസ്‌കൃതം - പിപ്പലി
മലയാളം - തിപ്പലി

പനി മാറുന്നതിന്


1. വയറ്റിലെ അസ്വാസ്ഥ്യം കൊണ്ടുണ്ടാകുന്ന പനിക്ക് തിപ്പലി പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക.
2. കൂടെക്കൂടെ ഉണ്ടാകുന്ന പനിക്ക് തിപ്പലി വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിച്ചശേഷം പാല്‍ കുടിക്കുക.
3. വിട്ടുമാറാതെ തുടര്‍ന്നു നില്‍ക്കുന്ന പനി, ചുമ, ദഹനക്കേട്, വിശപ്പില്ലായ്മ, ശ്വാസംമുട്ടല്‍, കൃമി വികാരങ്ങള്‍ എന്നിവയ്ക്ക് തിപ്പലി ചൂര്‍ണ്ണം ഒരുഭാഗം, ശര്‍ക്കര രണ്ടുഭാഗം നല്ലതുപോലെ യോജിപ്പിച്ച് കുറേശ്ശെ ഒരുമാസം തുടര്‍ച്ചയായി കഴിക്കുക.

ചുമ മാറുന്നതിന്

1. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ സമം എടുത്തി ഉണക്കിപ്പൊടിച്ച് സമം ശര്‍ക്കരയും ചേര്‍ത്ത് യോജിപ്പിച്ച് അര സ്പൂണ്‍ വീതം എടുത്ത് അല്പം പശുവിന്‍ നെയ്യില്‍ സേവിച്ചാല്‍ ശമനം കിട്ടും.
2. തിപ്പലി പൊടിച്ച്, തേന്‍ ചേര്‍ത്ത് കഴിക്കുക.
3. തിപ്പലി, ചുക്ക്, കടുക്ക ഇവ സമം ഉണക്കിപ്പൊടിച്ച് തേനും കൂട്ടി കഴിക്കുക.

അതിസാരത്തിന്

തിപ്പലിയും കുരുമുളകും സമം എടുത്ത് ഉണക്കിപ്പൊടിക്കുക. ഈ പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി കഴിക്കുക.

ഛര്‍ദ്ദില്‍ മാറുന്നതിന്

തിപ്പലി പൊടിച്ച്, പഞ്ചസാരയും തേനും മാതളനാരങ്ങാനീരും ചേര്‍ത്ത് സേവിക്കുക.

ടോണ്‍സിലൈറ്റിസിന്


ചുക്ക്, കുരുമുളക്, തിപ്പലി, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ 50 ഗ്രാം വീതം എടുത്ത് ഉണക്കി പൊടിയാക്കി 100 ഗ്രാം കര്‍പ്പൂരയിലകള്‍ ഉണക്കിപ്പൊടിച്ചതും ചേര്‍ത്ത് മുഴുവന്‍ പൊടിയും നനയത്തക്കവണ്ണം മഞ്ഞപ്പൂക്കളുള്ള കയ്യോന്നി നീരൊഴിച്ച് വെയിലത്തുവച്ച് ഉണക്കി ഓരോ നുള്ള് തേനില്‍ യോജിപ്പിച്ച് കുറച്ചുനാള്‍ കഴിക്കുക.

നീര് മാറുന്നതിന്

തിപ്പലിയും, ഇന്തുപ്പും പൊടിച്ച് തേനില്‍ കഴിക്കുക.

അശ്മരി ( മൂത്രത്തില്‍ കല്ല്‌)


തിപ്പലി, കരിനൊച്ചിവേര് എന്നിവ സമം, കരിക്കിന്‍ വെള്ളത്തില്‍ അരച്ചു കലക്കി സേവിക്കുക. കല്ല് അലിഞ്ഞ് നശിച്ചു പോകും.

കുരുമുളകിന്റെ ഉപയോഗങ്ങള്‍

 Botanical Name - Piper nigrum
സംസ്‌കൃതം - മരിചം
തമിഴ് - മിളഗു
മലയാളം - കുരുമുളക്

അന്തര്‍ദ്ദേശീയ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ള കുരുമുളക്, വേദകാലം മുതല്‍ ഭാരതീയര്‍ ഉപയോഗിച്ചു വന്നിരുന്നു. കുരുമുളക് പൊടിയോ, സത്തോ, ഇന്ന് പലതരം ഭക്ഷണസാധനങ്ങളിലും, മധുരപദാര്‍ത്ഥങ്ങളിലും രുചിക്കും ദഹനത്തിനും, മണത്തിനും വേണ്ടി ചേര്‍ത്തുവരുന്നു.

പനിക്ക് കുരുമുളക് കാപ്പി

കുരുമുളക്, ചുക്ക്, കൊത്തമല്ലി, ജീരകം എന്നിവ ചതച്ച് കുറച്ച് കൃഷ്ണതുളസിയിലയും ചക്കരയും ചേര്‍ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് അത് പലവട്ടം കഴിക്കുക.

കുരുമുളക് രസം

ഭക്ഷണത്തോട് ചേര്‍ത്ത് കഴിക്കുക. കുരുമുളക് 50 ഗ്രാം ചതച്ച് അത്രയും തൂവപരിപ്പും ചേര്‍ത്ത് അല്പം നെയ്യില്‍ വറുത്ത് വെള്ളത്തിലിട്ട് ആവശ്യത്തിന് ഉപ്പും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ജീരകം, കടുക്, ഉലുവ എന്നിവ അല്പം നെയ്യില്‍ വറുത്ത് പൊടിച്ചു ചേര്‍ക്കുക. കുറച്ചു കറിവേപ്പിലയും, മല്ലിയിലയും ഇടുക. ഇത് ആവശമനുസരിച്ച് ഉപയോഗിക്കാം.

ചുമയ്ക്കും, ശ്വാസംമുട്ടലിനും

1. കുരുമുളക് പൊടി, തേനും നെയ്യുമായി ചേര്‍ത്ത് കഴിക്കുന്നത് എല്ലാ വിധത്തിലുമുള്ള ചുമകള്‍ക്കും നല്ലതാണ്.
2. കുരുമുളക അര്‍ക്കം കുറച്ച് തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴിക്കുന്നത് ചുമയ്ക്കും ശ്വാസംമുട്ടലിനും നല്ലതാണ്.

പീനസം മാറുന്നതിന്

കുരുമുളക് പൊടി മോരിലോ, തൈരിലോ കല്ക്കി അല്പം ഇന്തുപ്പും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.

അതിസാരത്തിന്

കുരുമുളക് പൊടിയും അല്പം ഇന്തുപ്പും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴിക്കുക.

അര്‍ശ്ശസിന്

കുരുമുളക് പൊടി ഒരുഭാഗം, പെരുംജീരകത്തിന്റെ പൊടി ഒന്നരഭാഗം ഇവ തേനില്‍ നല്ലതുപോലെ യോജിപ്പിച്ച് ഒരു സ്പൂണ്‍ വീതം ദിവസവും രണ്ടുനേരം കഴിക്കുക.

ദന്തരോഗങ്ങള്‍ക്ക്

കുരുമുളക് പൊടി കായാമ്പൂ സത്തില്‍ ചേര്‍ത്ത് പഞ്ഞിയിലാക്കി കേടുള്ള പല്ലില്‍ വയ്ക്കുക.

വസൂരിക്ക്

കുരുമുളകും, രുദ്രാകഷവും പച്ചവെള്ളത്തില്‍ അരച്ചു സേവിക്കുക. വസൂരി വരാതിരിക്കുവാന്‍ ഒരു പ്രതിവിധിയായും കഴിക്കാവുന്നതാണ്.

ദഹനക്കേടിന്


ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ സമം പൊടിച്ച് അര സ്പൂണ്‍ വീതം ദിവസവും കഴിക്കുക.

കുരുമുളക് ഒരു വിഷനാശിനിയാണ്

1. കുരുമുളക് 6, ദര്‍ഭപ്പുല്ല് ഒരു പിടി, ജീരകം രണ്ടു നുള്ള് ഇവ നല്ലതുപോലെ അരച്ച് ഒരു നെല്ലിക്ക അളവില്‍ ദിവസേന കഴിച്ച് പാല്‍ കുടിച്ചാല്‍ എല്ലാവിധ വിഷാംശങ്ങളും മാറുന്നതാണ്.
2. ഏതെങ്കിലും വിഷം ഉള്ളില്‍ പോയിട്ടുണ്ടെന്നറിഞ്ഞാല്‍ അല്പം കുരുമുളക് പൊടി തേനില്‍ കുഴച്ച് സേവിക്കുക.

രോഗമില്ലാതെ കട്ടിയാഹാരം കഴിക്കുമ്പോള്‍

1. അല്പം കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുക.
2. ഭക്ഷണശേഷം നാലഞ്ചു കുരുമുളകും അല്പം ഉപ്പും വയിലിട്ട് ചവച്ചിറക്കുക.

കുരുമുളക് ചേര്‍ത്തിട്ടുള്ള ആഹാരം കഴിക്കുന്നത് സിരകളുടെയും ധമനികളുടെയും ദ്വാരം അടയാതിരിക്കുന്നതിനും രക്തം കട്ടിപിടിക്കുന്നതിനും വളരെ നല്ലതാണ്.
 

Saturday, July 13, 2013

ഇഞ്ചിയുടെ ഉപയോഗങ്ങള്‍


Botanical Name : Zingiber officinale
സംസ്‌കൃതം - ശുണ്ഡി
തമിഴ്, മലയാളം - ഇഞ്ചി

ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക് ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്. ത്രികടു എല്ലാ ഔഷധക്കൂട്ടുകളിലും ഉള്‍പ്പെടുന്നു. മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളിലും ഇഞ്ചി സാധാരണയായി ഉപയോഗിച്ചുവരുന്നു.

ദഹനക്കേട്, ഗ്യാസ്ട്രബിള്‍


1. ഇഞ്ചിനീരും ചെറുനാരങ്ങാനീരും തുല്യഭാഗം ഇന്തുപ്പും കൂട്ടി കഴിക്കുക.
2. കുരുമുളകും ജീരകവും സമം പൊടിച്ച് അല്പം ഇഞ്ചിനീരില്‍ ചേര്‍ത്ത് കഴിക്കുക.

നീരിളക്കത്തിന്

1. ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക.
2. പുറത്തെ തൊലി ചുരണ്ടിക്കളഞ്ഞ് ഇഞ്ചി ചെറുകഷണങ്ങളാക്കി തേനിലിട്ട് സൂകഷിക്കുക. മൂന്നുമാസത്തിനുശേഷം കുറേശ്ശെ ദിവസവും കഴിക്കുക.
3. ഇഞ്ചി അരച്ചതും ശര്‍ക്കരയും കൂട്ടി ചുക്ക് കഷായവുമായി കഴിക്കുക.
4. ഇഞ്ചി ചതച്ച് പശുവിന്‍ പാലില്‍ ഇട്ട് കാച്ചി കുടിക്കുക.

കണ്ഠരോഗം, ചുമ, അര്‍ശ്ശസ്, ശ്വാസം മുട്ടല്‍, ചുമ

ചുക്ക് അഞ്ചുഭാഗം, ചെറുതിപ്പലി നാലുഭാഗം, കുരുമുളക് മൂന്നുഭാഗം, നാഗപ്പൂവ് രണ്ടുഭാഗം, ഏലത്തരി ഒരുഭാഗം ഇവ പൊടിച്ച് സമം ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിക്കുക. ഇത് സ്വരത്തെ നന്നാക്കുന്നു.

ശരീരപുഷ്ടിക്ക്

ചുക്ക് ഒരുഭാഗം, ശര്‍ക്കര രണ്ടുഭാഗം, വറുത്ത എള്ള് നാലുഭാഗം, ചുക്കും എള്ളും പ്രത്യേകം പൊടിച്ചു വേണ്ടത്ര ശര്‍ക്കരയും ചേര്‍ത്ത് വീണ്ടു നല്ലതുപോലെ ഇടിച്ച് ചേര്‍ത്ത് കുറേശ്ശെ ദിവസവും കഴിക്കുക.

ഹൃദ്രോഗം

ചുക്ക് കഷായത്തില്‍ അല്പം കായവും തൂവര്‍ച്ചില ഉപ്പും ചേര്‍ത്ത് കഴിക്കുക.

വാതസംബന്ധമായ രോഗങ്ങള്‍ക്കും, സന്ധികളില്‍ ഉണ്ടാകുന്ന നീരിനും

1. ചുക്ക് അരച്ച് വാഴയിലകൊണ്ട് പൊതിഞ്ഞ് ആവിയില്‍ വച്ചോ, അടുപ്പിലിട്ടു ചൂടാക്കിയോ നീരെടുത്ത് ആവണക്കിന്‍ വേരിട്ട് കഷായവും, അല്പം തേനുമായി ചേര്‍ത്ത് കഴിക്കുക.

2. ചുക്കും പെരുങ്കായവും കൂടെ അരച്ച് വേദനയുള്ള സ്ഥലങ്ങളില്‍ ഇടുക.

തലവേദന

നെറ്റിയിലും പുരികത്തിനുമുകളിനും ഉണ്ടാകുന്ന തലവേദനയ്ക്ക് അര സ്പൂണ്‍ പൊടി വെള്ളത്തില്‍ ചാലിച്ച് ചൂടാക്കി വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടുക.

തുമ്മല്‍, പനി, വായുക്ഷോഭം, വിളര്‍ച്ച

ചുക്ക് കല്‍ക്കമായി കാച്ചിയെടുത്ത് നെയ്യ് ദിവസവും ഉപയോഗിക്കുക.

നീരിന് പുറമെ പുരട്ടാന്‍

ചുക്ക്, വേട്ടാവളിയന്‍കൂട്, കറിവേപ്പില, ഉമ്മത്തിന്റെ ഇല, ഇന്തുപ്പ് ഇവ കാടി കൂട്ടി അരച്ച് കാടിയില്‍ കലക്കി നന്നായി ചൂടാക്കി അല്പം ആറിയ ശേഷം പുരട്ടുക.

പാമ്പു കടിച്ചുണ്ടാകുന്ന നീരിനും ഇത് വിശിഷ്ടമാണ്.

ദഹനക്കേട്, ഛര്‍ദ്ദി

ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരുഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരുഭാഗം, മലര് രണ്ടുഭാഗം, കല്‍ക്കണ്ടം നാലുഭാഗം എല്ലാം കൂടെ പൊടിച്ച് യോജിപ്പിച്ച് കൂടെകൂടെ കഴിക്കുക.
 

Friday, July 12, 2013

ആയുര്‍വേദം ആയുസ്സിന്റെ ശാസ്ത്രം


ശരീരശാസ്ത്രം (അനാട്ടമി), ശരീരക്രിയാ വിജ്ഞാനം (ഫിസിയോളജി), രോഗനിദാനശാസ്ത്രം (പതോളജി), മനശാസ്ത്രം (സൈക്കോളജി), മാനവസമുദായ ശാസ്ത്രം (സോഷ്യോളജി), ആരോഗ്യശാസ്ത്രം (ഹൈജീന്‍) ഇവയെല്ലാം അടങ്ങിയ ഒരു സമ്പൂര്‍ണ്ണ ജീവശാസ്ത്രമാണ് ആയുര്‍വേദം.

ആയുര്‍വേദം എന്ന വാക്കില്‍ത്തന്നെ ഇതെല്ലാം സൂചിപ്പിക്കുന്നുണ്ട്. ആയുസ്സിനെക്കുറിച്ചുള്ള അറിവ് എന്നാണ് ആയുര്‍വേദം എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്.

എന്താണ് ആയുസ്സ്


ആത്മാവും ഇന്ദ്രിയങ്ങളും മനസ്സും ശരീരത്തോട് സമഞ്ജസമായി സമ്മേളിച്ച് പ്രവര്‍ത്തിക്കുന്നതിനെയാണ് ആയുസ്സ് എന്ന് പറയുന്നത്. ആയുസ്സിന്റെ ഈ വിശദീകരണം തന്നെയാണ് ധാരി, ജീവിതം, നിത്യഗം, അനുബന്ധം എന്നീ പര്യായങ്ങളെക്കൊണ്ട് ചരകാചാര്യന്‍ നിര്‍ദ്ദേശിക്കുന്നത്.

ശരീരത്തിലെ അണുക്കള്‍ നശിക്കുന്നതിനനുസരിച്ച് വീണ്ടും വീണ്ടും ഉല്‍പ്പാദിപ്പിച്ച് ശരീരത്തെനിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനാല്‍ ധാരി എന്നും, പ്രാണനെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാല്‍ ജീവിതം എന്നും ഓരോ നിമിഷവും സ്വയം നശിച്ചുപോകുന്നതിനാല്‍ നിത്യഗം എന്നും, ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നാലും ചേതനാവൃത്തിയെ ഒരേപടിനിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാല്‍ അനുബന്ധമെന്നുമാണ് ഈ പര്യായങ്ങളുടെ അര്‍ത്ഥം.

മനുഷ്യശരീരാവയവങ്ങളുടെ ഘടനയെക്കുറിച്ചും, കര്‍മ്മസാമര്‍ത്ഥ്യത്തെക്കുറിച്ചുമുള്ള അറിവിനേക്കാള്‍ പ്രധാനം ശരീരത്തിലെ അണുക്കളുടെ പ്രവര്‍ത്തനത്തെപ്പറ്റി അറിയുകയാണെന്നും, ആ അറിവ് മുഴുവന്‍ പ്രത്യക്ഷമായി ലഭിക്കുകയില്ലെന്നും, അവിടെ കുറെയൊക്കെ അനുമാനം വേണ്ടിവരുമെന്നും അഗ്നിവേശമഹര്‍ഷി പറയുന്നു.

കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന ശരീരാവയവങ്ങളെ മാത്രമാണ് നിര്‍ദ്ദേശിക്കുന്നതെന്നും ഇതുതന്നെ ഓരോ ശരീരപ്രകൃതിക്കനുസരിച്ച് വ്യത്യാസം വരാമെന്നും, ശരീരത്തിലെ അണുക്കളെ എണ്ണിത്തിട്ടപ്പെടുത്താനോ വ്യവഛേദിച്ച് പറയാനോ കഴിയാത്തവിധം അതിസൂക്ഷ്മങ്ങളും, അതേകാരണം കൊണ്ടുതന്നെ ഇന്ദ്രിയഗ്രാഹ്യങ്ങളല്ലാത്തവയുമാണ്. ഔഷധപ്രയോഗം മാത്രം നടത്തുന്ന ഒരു വൈദ്യനെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ അംഗപ്രത്യംഗ വിഭാഗജ്ഞാനത്തേക്കാള്‍ മൂലഘടകങ്ങളെപ്പറ്റിയുള്ള ജ്ഞാനമാണ്.

നാല് ആയുസ്സുകള്‍

ആയുസ്സിന്റെ ശാസ്ത്രമാണ് ആയുര്‍വേദം എന്ന് പറയുന്നിടത്തുതന്നെ അതിന്റെ വിശദീകരണം പറഞ്ഞിട്ടുണ്ട്. ഏതൊരുശാസ്ത്രത്തില്‍ ഹിതമായ ആയുസ്സും, അഹിതമായ ആയുസ്സും, സുഖമായ ആയുസ്സും, ദുഖമായ ആയുസ്സും പറയപ്പെടുന്നു. അതേപോലെ ഈ നാല് ആയുസ്സുകള്‍ക്കും ഹിതമായും അഹിതമായുമുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. ഈ ആയുസ്സുകള്‍ക്കുതന്നെ പ്രമാണവും അപ്രമാണവും തിട്ടപ്പെടുത്തുന്നു. ആ ശാസ്ത്രമാണ് ആയുര്‍വേദം.

ശാരീരികവും മാനസികങ്ങളുമായ രോഗങ്ങളൊന്നുമില്ലാതെ സുന്ദരവും, സുഖപൂര്‍ണ്ണവും, സംതൃപ്തവും, സഫലവുമായ ജീവിതം നയിച്ച് ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിക്കുന്നതിന് ഉപയുക്തമായ ആയുസ്സാണ് സുഖായുസ്സ്. ഇതിന് വിപരീതമായത് ദുഖായുസ്സും. ദുഖായുസ്സിന് ഇടം കൊടുക്കാതെ സുഖായുസ്സിനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉപയുക്തങ്ങളായ സദാചാരം, സ്വാദ്ധ്യായം, തപസ്സ്, സത്യപരിപാലനം, ജ്ഞാനം, വിജ്ഞാനം, ഇവയെല്ലാം തികഞ്ഞ ആയുസ്സ് ഹിതായുസ്സും, ഇതിനെല്ലാം വിപരീതമായിട്ടുള്ളത് അഹിതായുസ്സുമാണ്. എന്തെല്ലാം പ്രവര്‍ത്തിച്ചാലാണ് സുഖായുസ്സും, ഹിതായുസ്സും വര്‍ദ്ധിക്കുകയും, ദുഖായുസ്സും, അഹിതായുസ്സും നശിക്കുകയും ചെയ്യുക എന്നതാണ് ആയുര്‍വേദത്തിലെ പ്രതിപാദ്യം.

അജ്ഞതകൊണ്ടോ, കര്‍മ്മഫലം കൊണ്ടോ സംജാതമായ അഹിതായുസ്സിനെയും ദുഖായുസ്സിനെയും അകറ്റി സുഖായുസ്സും ഹിതായുസ്സും പ്രദാനം ചെയ്യുന്നതോടൊപ്പം മേലില്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയെന്നതും ആയുര്‍വേദത്തിന്റെ കര്‍ത്തവ്യമാണ്.
 

Monday, July 8, 2013

ജീവന്‍ നമ്മുടെ സമ്പത്ത്


ജീവനാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സമ്പത്ത്. രണ്ടാമത്തേത് ആരോഗ്യമത്രെ. ആരോഗ്യമില്ലെങ്കില്‍ ജീവിതം ഉപയോഗശൂന്യവും സന്തോഷ സൗഭാഗ്യങ്ങള്‍ ഇല്ലാത്തതുമായിരിക്കും. കാരണം ശരീരസുഖമില്ലാത്തവന് യഥേഷ്ടം സഞ്ചരിക്കുന്നതിനോ, ഇഷ്ടമുള്ള ജോലികള്‍ ചെയ്യുന്നതിനോ, താല്‍പര്യമുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനോ കഴിയുകയില്ല.

ഒരു രോഗി വേദനയും അസുഖവും അനുഭവിക്കുകയും തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അപ്രാപ്തനായിരിക്കുകയും ചെയ്യുന്നു എന്നു തന്നെയല്ല, ഏതാനും ആളുകള്‍ തങ്ങളുടെ ദിനകൃത്യങ്ങള്‍ ഉപേക്ഷിച്ചിട്ട് അവനെ ശുശ്രൂഷിക്കേണ്ടതായും വരുന്നു. ഇങ്ങനെ മറ്റുള്ളവര്‍ അവനെ ശുശ്രൂഷിക്കുകയും, അവന് ആവശ്യമുള്ളതെല്ലാം അന്വേഷിച്ചു കൊടുക്കുകയും ചെയ്യേണ്ടിവരുന്നതിനാല്‍ അവന്‍ അവര്‍ക്ക് ഒരു ഭാരമായിത്തീരുന്നു.

രോഗികളുടെ ഭീഷണി

മിക്ക രോഗങ്ങളും വേഗം സംക്രമിക്കുന്നവയാകയാല്‍ രോഗി തന്റെ അയല്‍ക്കാര്‍ക്ക് പലപ്പോഴും ഒരു ഭീഷണിയാണ്. ഒരാള്‍ രോഗിയായി അല്പനാള്‍ കൊണ്ട് അയാളുടെ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും ആ രോഗം പകരുന്നതായി നാം കണ്ടിട്ടുണ്ടല്ലോ.

സ്വന്തം ശരീരത്തെ നന്നായി സൂക്ഷിക്കുകയും, ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്റെയും ചുമതലയാണ്.

സാധാരണയായി ജനങ്ങള്‍ അരോഗികളായിരിക്കുമ്പോള്‍ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല. നേരെ മറിച്ച് രോഗബാധിതനായി ശരീരം ക്ഷീണിക്കുകയും മരണം ആസന്നമാകുകയും ചെയ്യുമ്പോള്‍ തങ്ങളുടെ ശരീരത്തെ സൂക്ഷിക്കേണ്ടതെങ്ങനെ എന്ന് അവര്‍ ചിന്തിച്ചുതുടങ്ങുന്നു. ശരീര സംരക്ഷണം ബാല്യം മുതല്‍ക്കേ ആരംഭിക്കണം. ഒരു ശിശുവിനു ആരോഗ്യമുള്ള ശരീരവും ബലവത്തായ ദേഹപ്രകൃതിയും ഉണ്ടായിരിക്കണമെങ്കില്‍ ആ ശിശു ജനിക്കുന്നതിനു മുമ്പു തന്നെ അതിലേക്കു വേണ്ട പ്രവൃത്തി ആരംഭിക്കണം. രോഗികളും ദുര്‍ബലരുമായ മാതാപിതാക്കള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സാധിക്കുന്നതല്ല. അതിനാല്‍ മാതാപിതാക്കന്മാര്‍ തങ്ങളുടെ ആരോഗ്യം നന്നായി സൂക്ഷിക്കണം.

രോഗകാരണങ്ങള്‍

ശരീരത്തിന് ആവശ്യമുള്ള പോഷക സാധനങ്ങള്‍ ലഭിക്കാത്തതു കൊണ്ട് ചില രോഗങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഒരു രോഗമാണ് പാണ്ടശോഫം ( Beriberi ) വിഷദ്രവ്യങ്ങള്‍ ശരാരത്തില്‍ പ്രവേശിക്കുന്നതുകാരണം ചില രോഗങ്ങള്‍ ഉണ്ടാകുന്നു. തീപ്പെട്ടി കമ്പനിയില്‍ ജോലിചെയ്യുന്നവര്‍ക്ക്ുണ്ടാകുന്ന തീപ്പാഷാണ വിഷബാധ അങ്ങനെയുള്ള ഒരു രോഗമാണ്.

രോഗാണുക്കള്‍

രോഗാണുക്കള്‍ നമ്മുടെ ഏറ്റവും വലിയ ശത്രുക്കളാണ്.



Wednesday, July 3, 2013

ആരാണ് യോഗി


യോഗചര്യയിലെ ആദ്യ പടി ധാര്‍മികശുദ്ധിയും ആത്മീയതാത്പര്യങ്ങളുമാണ്. അങ്ങനെയുള്ള ജീവിതം നയിക്കുവാന്‍ തയ്യാറുളളയാളാണ് യോഗി. ശാന്തമായ മനസ്സ്, ഗുരുവിന്റെ വാക്കുകളിലും വേദഗ്രന്ഥങ്ങളിലും വിശ്വാസം, നിദ്രയിലും ഭക്ഷണത്തിലും മിതത്വം, ജനനമരണചക്രങ്ങളില്‍നിന്നുമുള്ള മോചനത്തിന് തീവ്രമായ ആഗ്രഹം എന്നിവയുള്ളയാള്‍ ഉത്തമനായ യോഗിയാണ്.

യോഗചര്യ സീകരിച്ച ഒരാള്‍ക്ക് വിശ്വാസം, ധൈര്യം, ഉന്മേഷം, ശുദ്ധത, ക്ഷമ, നൈരാശ്യമില്ലായ്മ, ആത്മാര്‍ത്ഥത, സ്ഥിരോല്‍സാഹം, അനാസക്തി, ശാന്തത, ആത്മസംയമനം, അഹിംസ, സത്യസന്ധത, ആഗ്രഹനിയന്ത്രണം എന്നിവയുണ്ടായിരിക്കണം. ജീവിതം അനാസക്തവും ലളിതവുമാകണം. ആത്മനിയന്ത്രണമാണ് യോഗയുടെ അടിസ്ഥാനം, മനസ്സിന്റെയും ശരീരത്തിന്റെയും അച്ചടക്കമാണ് യോഗയുടെ കാതല്‍, യോഗ അഭ്യസിക്കുമ്പോള്‍ മനസ്സിന്റെ സാധാരണ പ്രവര്‍ത്തനങ്ങളുടെ വിപരീതമാണ് സംഭവിക്കുന്നത്. ഇതിനാവശ്യം ദൃഡനിശ്ചയമാണ്. മനസ്സിനെ പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ കഴിയണം. ഈ വിധമുള്ള രീതികളില്‍ ഉറച്ചുനില്‍ക്കുന്നവനെ യോഗി എന്നു പറയാം.