Monday, August 19, 2013

ധൗതിക്രിയ ചെയ്യുന്നവിധം



ധൗതിക്രിയ

വായ് മുതല്‍ ഗുദദ്വാരംവരെ അന്നനാളത്തെ പൂര്‍ണ്ണമായി ശുചിയാക്കുന്ന പ്രവര്‍ത്തിക്കാണ് ധൗതി എന്നു പറയുന്നത്. പല്ല്, കണ്ണ്, കാത്, നാവ്, ശിരോചര്‍മ്മം എന്നിവ ശുചിയാക്കുന്നതിനുള്ള ലളിതമായ ചില ക്രിയകളും ഇതില്‍ പെടുന്നു. ധൗതി എന്നാല്‍ കഴുകല്‍ എന്നാണ് അര്‍ത്ഥം. ശരീരം ശുചിയാക്കുന്നതിനുള്ള ലളിതമായ പന്ത്രണ്ടുതരം ധൗതിക്രിയകളുണ്ട്.

1. ദന്തധൗതി
2. നേത്രധൗതി
3. ജിഹ്വാമൂലധൗതി
4. കര്‍ണ്ണധൗതി
5. കപാലഭാതി
6. ഹൃദയധൗതി
7. വസ്ത്രധൗതി
8. വമനധൗതി
9. ശംഖപ്രക്ഷാളനം
10. മൂലധൗതി
11. വാതസാരധൗതി
12. വഹ്നിസാരധൗതി

ദന്തധൗതി (ദന്തശുചീകരണം)

പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ദഹനപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ദന്തധൗതി സഹായിക്കുന്നു. പല്ലുകള്‍ ശുചിയാക്കുന്നതിന് ഏറ്റവും നല്ല വസ്തുവാണ് വേപ്പുമരത്തിന്റെ തണ്ട്. ആദ്യം ഈ തണ്ടിന്റെ ഒരറ്റം നന്നായി ചവച്ച് ബ്രഷ് പോലെയാക്കുക. ഇതുപയോഗിച്ച് പല്ലുകള്‍ ശുചിയാക്കാം.

നേത്രധൗതി (നേത്രശുചീകരണം)

വായില്‍ ജലം നിറച്ചശേഷം കണ്ണുകള്‍ ശുചിയാക്കുന്നതിനായി കണ്ണിലേക്ക് ശുദ്ധജലം തളിക്കുക. കുറഞ്ഞത് മൂന്നു തവണയെങ്കിലും ദിവസവും കണ്ണു കഴുകണം. ഇതിനായി പ്രത്യേകം ഒരു കപ്പ് ഉപയോഗിക്കുക. ശുദ്ധജലമോ എട്ടുമണിക്കൂര്‍ ത്രിഫല കുതിര്‍ത്തിട്ട ജലം അരിച്ചെടുത്തതോ ഇതിനുപയോഗിക്കാം. ഉണങ്ങിയ കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ മിശ്രിതമാണ് ത്രിഫല.

ജിഹ്വാമൂലധൗതി (നാവിന്റെ ശുചീകരണം)


ദന്തശുചീകരണത്തിനുപയോഗിക്കുന്ന വേപ്പിന്‍തണ്ട് തൊലി നീക്കിയശേഷം കനം കുറച്ച് പിളര്‍ന്നെടുത്ത് നാവ് വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. പകരം വിപണിയില്‍ ലഭ്യമായ ടങ് ക്ലീനറായാലും മതി.

കര്‍ണ്ണധൗതി (കാതിന്റെ ശുചീകരണം)

നഖം വെട്ടി വിരലുകള്‍ എപ്പോഴും വൃത്തിയുള്ളവയായിരിക്കാന്‍ ശ്രദ്ധിക്കുക. കാതിന്റെ ഉള്‍ഭാഗം ശുചിയാക്കുന്നതിനു ചൂണ്ടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഇവ യഥാക്രമം ഉപയോഗിക്കാം. ചെമ്പോ വെള്ളിയോ കൊണ്ടുള്ള ചെവിത്തോണ്ടിയോ രണ്ടറ്റവും പഞ്ഞി ഉറപ്പിച്ചിട്ടുള്ള ഇയര്‍ ബഡ്ഡോ ഉപയോഗിക്കാവുന്നതാണ്.

കപാലധൗതി (ശിരസ്സിന്റെ ശുചീകരണം)


കുളിക്കുന്ന നേരത്ത് കപാലധൗതി ചെയ്യാം. വിരലുകള്‍ കൊണ്ട് തലയോടിന്റെ മദ്ധ്യഭാഗം നന്നായി തടവുക.

പ്രയോജനങ്ങള്‍

ശരീരത്തിന്‍മേല്‍ നിയന്ത്രണം സാധ്യമാകുന്നു. കഫത്തിന്റെ ക്രമക്കേടുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആസ്ത്മയ്ക്കും ക്ഷയത്തിനും ഇത് പ്രതിവിധിയാണ്.

ഹൃദയധൗതി (ഹൃദയശുചീകരണം)


ഹൃദയത്തിനു ചുറ്റുമുള്ള അവയവങ്ങളുടെ, പ്രത്യേകിച്ച് ശസനേന്ദ്രിയവ്യൂഹം അന്നനാളം എന്നിവയുടെ, ശുചീകരണമാണ് ഈ ക്രിയകൊണ്ടുദ്ദേശിക്കുന്നത്. ദണ്ഡോ വസ്ത്രമോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

ഹൃദയധൗതിക്ക് ഒരു പ്രത്യേക ദണ്ഡ് അല്ലെങ്കില്‍ മൃദുവായ കോല്‍ ഉപയോഗിക്കുന്നു. കുലച്ച വാഴയിടെ ഉള്ളിലെ പിണ്ടി ഇതിനുപയോഗിക്കാവുന്നതാണ്. അരയിഞ്ചു വ്യാസവും രണ്ടടി നീളവുമുള്ള ദണ്ഡാണ് വേണ്ടത്. ദണ്ഡ് എത്രമാത്രം വഴങ്ങുന്നുവോ അത്രയും നന്ന്. ഇളകാതെ സാവധാനത്തില്‍ ദണ്ഡ് അന്നനാളത്തിലൂടെ കടത്തുക. പന്നീടത് പുറത്തേക്കെടുക്കുക.

പ്രയോജനങ്ങള്‍

ഈ ക്രിയവഴി കഫം നീക്കം ചെയ്യപ്പെടുന്നു. പുളിച്ചുതികട്ടല്‍, ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാകുന്നു. വമനക്രിയ അഥവാ ബോധപൂര്‍വ്വമുള്ള ഛര്‍ദ്ദിക്കല്‍ നടത്തിയശേഷമേ ഇതു ചെയ്യാവൂ.

വസ്ത്രധൗതി (വസ്ത്രം കൊണ്ടുള്ള ശുചീകരണം)

വളരെ നേര്‍മയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ചാണ് ഈ ക്രിയ ചെയ്യേണ്ടത്. രണ്ടിഞ്ച് വീതിയും ഇരുപതടി നീളവുമുള്ള തുണി എടുത്ത് ചുരുട്ടുക. ശുദ്ധജലത്തിലോ ചൂടുള്ള ഉപ്പുവെള്ളത്തിലോ ഇത് കുതിര്‍ത്തുവയ്ക്കുക

ചെയ്യേണ്ട വിധം

നിലത്ത് പാദങ്ങളില്‍ ഇരുന്ന് കോട്ടന്‍ തുണിയുടെ ഒരറ്റം വായ്ക്കുള്ളില്‍ കടത്തുക. അത് വായ്ക്കുള്ളില്‍വച്ച് ചുരുട്ടി ഉമിനീരുകൊണ്ടു നനച്ചശേഷം സാവധാനം വിഴുങ്ങുവാന്‍ ശ്രമിക്കുക. ആദ്യപടിയായി രണ്ടുമൂന്ന് ഇഞ്ച് മാത്രം വിഴുങ്ങിയശേഷം പുറത്തേക്ക് സാവധാനത്തില്‍ വലിച്ചെടുക്കുക. അസ്വസ്ഥത തോന്നുകയോ എക്കിള്‍ ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ പാലോ തേനോ കലര്‍ത്തിയ വെള്ളത്തില്‍ തുണി കുതിര്‍ത്തശേഷം വിഴുങ്ങുക. കുറച്ചുനീളം മാത്രം ശേഷിക്കുംവരെ വിഴുങ്ങുക. ഇത് ഇരുപത്തഞ്ച് മിനിട്ടുനേരം വായ്ക്കുള്ളില്‍ വയ്ക്കണം. പിന്നീട് സാവധാനത്തില്‍ പുറത്തേക്ക് വലിച്ചെടുക്കണം. ഈ ക്രിയയ്ക്കുശേഷം ഈ തുണി സോപ്പുപയോഗിച്ച് നന്നായി കഴുകി ഉണക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തുണി കുടലിനുള്ളില്‍ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ ക്രിയ അതിരാവിലെ ഭക്ഷണത്തിനു മുന്‍പ് ചെയ്യണം.

പ്രയോജനങ്ങള്‍


ഉദരത്തിനുള്ളിലെ കഫം, സ്രവങ്ങള്‍, അഴുക്കുകള്‍ എന്നിവ ഈ ക്രിയവഴി നീക്കം ചെയ്യപ്പെടുന്നു. അള്‍സറിനു ശമനം ലഭിക്കുന്നു. ആസ്ത്മ, കഫക്കെട്ട്, ചുമ, പ്ലീഹയിലെ നീര്‍വീക്കം, പനി ദഹനക്കേട്, കുഷ്ഠം എന്നിവ സുഖപ്പെടുന്നു. ഉള്‍ക്കാഴ്ച്ച വര്‍ദ്ധിക്കുന്നു.
 

No comments:

Post a Comment