Saturday, August 17, 2013

നേതിക്രിയ ചെയ്യേണ്ട വിധം


നാസികയിലൂടെയുള്ള പ്രവേശനനാളികള്‍ ശുചിയാക്കുന്ന പ്രക്രിയയാണ് നേതി. ജലനേതി, സൂത്രനേതി, ദുഗ്ദ്ധനേതി എന്നിങ്ങനെ പല വിധത്തില്‍ നേതിക്രിയകളുണ്ട.

സൂത്രനേതി

സൂത്ര എന്നാല്‍ ചരട് അല്ലെങ്കില്‍ നേര്‍ത്ത കുഴല്‍ എന്നാണര്‍ത്ഥം. കൈത്തണ്ടയുടെ പകുതിനീളമുള്ള ഒരു ചരട് മെഴുകുപയോഗിച്ച് ബലപ്പെടുത്തിയാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇത്തരം ചരടുകള്‍ വിപണിയില്‍ ലഭ്യമാണ്.

ചെയ്യേണ്ട വിധം

ചരട് നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. നിലത്ത് പാദങ്ങളുറപ്പിച്ച് കുത്തിയിരിക്കുകയോ കുനിഞ്ഞു നില്‍ക്കുകയോ ചെയ്യുക. വലതുകൈയ്യിലെ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ചരടിന്റെ ഒരറ്റത്ത് പിടിക്കുക. ഈ സമയത്ത് പ്രവര്‍ത്തിക്കുന്ന നാസാദ്വാരം ഏതെന്ന് ശ്രദ്ധിക്കുക. വായ് തുറന്നുപിടിച്ചുകൊണ്ട് ചരടിന്റെ ഒരറ്റം ആ നാസാദ്വാരത്തിലൂടെ കടത്തിവിടുക. ചരട് വായുടെ പിന്നറ്റത്ത് എത്തും വരെ കടത്തുക. ഇടതുകൈകൊണ്ട് ആ അറ്റം വായിലൂടെ പുറത്തേക്കു വലിച്ചെടുക്കുക. ഓരോ കൈയ്യിലും ഓരോ അറ്റം പിടിച്ച് ചരട് മുന്നോട്ടും പിന്നോട്ടും വലിക്കുക. അതായത് വായ് വഴിയും നാസിക വഴിയും മാറി മാറി ചരട് വലിക്കുക. ഇത് സാവധാനത്തില്‍ ചെയ്യണം. 10-30 തവണ ആവര്‍ത്തിക്കുക. മറുവശത്തെ നാസിക വഴിയും ഇങ്ങനെ ചെയ്യുക. സാവധാനത്തില്‍ വേണം ചെയ്യാന്‍. വേഗത്തിലും ശക്തിയോടെയും ചെയ്യരുത്.

പ്രയോജനങ്ങള്‍

തൊണ്ടയിലെയും തലച്ചോറിലെയും എല്ലാ നാഡികളും ശുചിയാക്കപ്പെടുന്നു. കണ്ണ്, നാസിക, തൊണ്ട ഇവയുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും ഇല്ലാതാകുന്നു. മലിനീകരണവും വിഷമയമായ വാതകങ്ങളുംമൂലം നാസികയില്‍ അടിയുന്ന അഴുക്കുകളും കഫവും നീക്കം ചെയ്യപ്പെടുന്നു. നാസികയുടെ ഉള്ളില്‍ ദശ വളരുന്നത് തടയുന്നു. ബധിരത, ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ്, ഡിഫ്തീരിയ, ആസ്ത്മ, കൊടിഞ്ഞി, മൂക്കടപ്പ്, ജലദോഷം, അലര്‍ജികള്‍ മുണ്ടിനീര്, തിമിരം എന്നിവ ചെറുക്കാനും ഭേദമാക്കാനും സൂത്രനേതിക്കാവും. കാഴ്ചശക്തി മെച്ചപ്പെടുത്താനും നാസികയിലൂടെയുള്ള പ്രവേശനവഴികള്‍ ശുചിയായി സൂക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു.

ജലനേതി

നാസികയിലൂടെ കഫാംശവും അഴുക്കുകളും കളയുന്നതിനുള്ള മാര്‍ഗ്ഗമാണ് ജലനേതി.

നേതിലോട്ട എന്ന് പറയുന്ന ഒരു പ്രത്യേകതരം പാത്രം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ചെമ്പ്, പിച്ചള, സ്റ്റീല്‍, പ്ലാസ്റ്റിക്ക് ഇവയിലേതെങ്കിലും കൊണ്ട് നിര്‍മ്മിച്ചതാണിത്. കൂടുതല്‍ പ്രചാരത്തിലുള്ളത് പ്ലാസ്റ്റിക്ക് കൊണ്ടുള്ള പാത്രമാണ്. വേനല്‍ക്കാലത്ത് തണുത്ത ജലവും തണുപ്പുകാലത്ത് ഇളം ചൂടുള്ള വെള്ളമോ ശരീരതാപനിലയിലുള്ള വെള്ളമോ ഉപയോഗിക്കാം. കൂടുതല്‍ ചൂട് പാടില്ല. അര ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം അരിച്ചെടുക്കണം

ചെയ്യേണ്ട വിധം

നേതി പാത്രത്തില്‍ വെള്ളമെടുത്തശേഷം നിലത്ത് പാദങ്ങളുറപ്പിച്ച് കുത്തിയിരിക്കുക. ആ സമയത്ത് ഏറ്റവും തുറന്നിരിക്കുന്ന നാസികാനാളം ഏതെന്ന് ശ്രദ്ധിച്ച് പാത്രത്തിന്റെ കുഴലറ്റം സാവധാനത്തില്‍ അതിലേക്ക് കടത്തുക. പാത്രം പിടിച്ചിരിക്കുന്ന കൈയുടെ മുട്ട് ആ വശത്തെ കാല്‍മുട്ടില്‍ താങ്ങി വയ്ക്കുക. എതിര്‍വശത്തേക്ക് സാവധാനം തല തിരിക്കുക. ആവശ്യമെങ്കില്‍ മറുകൈകൊണ്ട് തല താങ്ങിപ്പിടിക്കുക. വായ് വഴി ശ്വസിച്ചുകൊണ്ട് മൂക്കിനുള്ളിലേക്ക് ജലം ഒഴിച്ചുകൊണ്ടിരിക്കുക. മറുവശത്തുകൂടി ജലം തനിയെ പുറത്തേക്ക് ഒഴുകിക്കൊള്ളും. മറുവശത്തെ നാസികയിലൂടെയും ഇങ്ങനെ ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജലനേതി ചെയ്യുമ്പോള്‍ മൂക്കില്‍കൂടി ശ്വസിക്കരുത്. വായ് വഴി ശ്വസിക്കുക. രണ്ടു മൂക്കില്‍ കൂടിയും ജലനേതി ചെയ്തതിനുശേഷം വായ് വഴിതന്നെ ആഴത്തില്‍ ശ്വസിക്കുക. പന്നീട് വായടച്ച് നാസിക വഴി ശ്വസിക്കാം. ആറു തവണ വരെ ആവര്‍ത്തിക്കാം.

മൂക്കിനുള്ളില്‍ ഒരു തുള്ളി ജലം പോലും അവശേഷിക്കുവാന്‍ പാടില്ല. ഇത് ഉറപ്പിക്കാനായി പാദങ്ങള്‍ ഒരടി അകലത്തില്‍വച്ച് നിവര്‍ന്നുനില്‍ക്കുക. രണ്ടു കൈകളും പിന്നോട്ടുവച്ച് കൂട്ടിപ്പിടിക്കുക. കൈകള്‍ ഉയര്‍ത്തി അരഭാഗം കുനിയുക. തല ഉയര്‍ത്തിപ്പിടിക്കണം. അര മിനിട്ടുനേരം ഇങ്ങനെ നില്‍ക്കുക. വായിലൂടെ വേഗത്തിലും ആഴത്തിലും ശ്വാസിക്കുക. അഞ്ചോ ആറോ തവണ ശക്തിയായി ശ്വാസം പുറത്തേക്കു വിടുക. മുന്‍നിലയിലേക്കു തിരികെ വന്ന് നിവര്‍ന്നുനില്‍ക്കുക. മോത്തം ക്രിയകളും അഞ്ചോ ആറോ തവണ ആവര്‍ത്തിക്കുക. അതിനുശേഷം നിവര്‍ന്നുനിന്ന് മൂക്കിന്റെ ഒരു ദ്വാരം വിരല്‍കൊണ്ട് അടച്ചുപിടിച്ച് വായ് വഴി വേഗത്തിലും ആഴത്തിലും ശ്വാസം ഉള്ളിലേക്ക് എടുത്ത് അടയ്ക്കാത്ത ദ്വാരത്തിലൂടെ 15-20 തവണ ശക്തിയോടെ പുറത്തുവിടുക. രണ്ടാമത്തെ ദ്വാരത്തിലൂടെയും ഇങ്ങനെ ചെയ്യുക. പിന്നീട് മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലൂടെയും ശ്വാസം ഇതേവിധത്തിലെടുത്ത് പുറത്തുവിടുക.

പ്രയോജനങ്ങള്‍

സൂത്രനേതിവഴി ലഭിക്കുന്ന പ്രയോജനങ്ങള്‍ ജലനേതി വഴിയും ലഭിക്കുന്നു. കൂടാതെ കോപവും ഉത്കണ്ഠയും ശമിക്കുന്നു. അലസത മാറി ഉണര്‍വു ലഭിക്കുന്നു. മൂന്നാം കണ്ണായ ആജ്ഞാചക്രം ഊജിതമാകുന്നതുമൂലം കണ്ണുകളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നു.

ദുഗ്ദ്ധനേതി

നാസാദ്വാരങ്ങള്‍ വഴി പാല്‍ ഒഴുക്കുന്നതിനെയാണ് ദുഗ്ദ്ധനേതി എന്നു പറയുന്നത്. സൂത്രനേതി ചെയ്തശേഷമാണ് ഇത് ചെയ്യേണ്ടത്.

തിളപ്പിച്ചാറിയ പാല്‍ നേതിലോട്ട ഉപയോഗിച്ച് നാസികയിലൂടെ ഒഴുക്കിവിടുന്നു. പാല്‍ നെറുകയിലെയോ തലയോട്ടിയിലെയോ നാഡികളിലേക്കു കയറാതെ മുന്നോട്ട് അല്പം കുനിഞ്ഞുവേണം ഇതു ചെയ്യുവാന്‍. ദുഗ്ദ്ധനേതി രണ്ടു നാസികയിലൂടെയും ചെയ്യണം.

പ്രയോജനങ്ങള്‍

രക്തസമ്മര്‍ദ്ദം, ക്ഷയം, അകാലനര എന്നിവയ്ക്ക് നല്ലതാണ്.

മറ്റുനേതിക്രിയകള്‍

കടുകെണ്ണ, ബദാം എണ്ണ, നെയ്യ് ഇവ ഉപയോഗിച്ചുള്ള നേതി വളരെ വിശേഷമാണ്. രാവിലെയോ രാത്രി ഉറങ്ങാന്‍ പോകും മുമ്പോ ജലനേതിക്കുശേഷമാണ് ഇത് ചെയ്യേണ്ടത്. ഏതാനും തുള്ളികള്‍ രണ്ടു നാസികയിലും ഒഴിച്ചശേഷം ശക്തിയോടെ ഉള്ളിലേക്ക് വലിച്ചെടുക്കണം.

പ്രയോജനങ്ങള്‍

ഈ ദ്രാവകങ്ങള്‍ നേതിക്ക് ഉപയോഗിക്കുന്നതുമൂലം തലച്ചോറ്, മുടി, ശ്വസനേന്ദ്രിയങ്ങള്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു.



No comments:

Post a Comment