Friday, July 12, 2013

ആയുര്‍വേദം ആയുസ്സിന്റെ ശാസ്ത്രം


ശരീരശാസ്ത്രം (അനാട്ടമി), ശരീരക്രിയാ വിജ്ഞാനം (ഫിസിയോളജി), രോഗനിദാനശാസ്ത്രം (പതോളജി), മനശാസ്ത്രം (സൈക്കോളജി), മാനവസമുദായ ശാസ്ത്രം (സോഷ്യോളജി), ആരോഗ്യശാസ്ത്രം (ഹൈജീന്‍) ഇവയെല്ലാം അടങ്ങിയ ഒരു സമ്പൂര്‍ണ്ണ ജീവശാസ്ത്രമാണ് ആയുര്‍വേദം.

ആയുര്‍വേദം എന്ന വാക്കില്‍ത്തന്നെ ഇതെല്ലാം സൂചിപ്പിക്കുന്നുണ്ട്. ആയുസ്സിനെക്കുറിച്ചുള്ള അറിവ് എന്നാണ് ആയുര്‍വേദം എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്.

എന്താണ് ആയുസ്സ്


ആത്മാവും ഇന്ദ്രിയങ്ങളും മനസ്സും ശരീരത്തോട് സമഞ്ജസമായി സമ്മേളിച്ച് പ്രവര്‍ത്തിക്കുന്നതിനെയാണ് ആയുസ്സ് എന്ന് പറയുന്നത്. ആയുസ്സിന്റെ ഈ വിശദീകരണം തന്നെയാണ് ധാരി, ജീവിതം, നിത്യഗം, അനുബന്ധം എന്നീ പര്യായങ്ങളെക്കൊണ്ട് ചരകാചാര്യന്‍ നിര്‍ദ്ദേശിക്കുന്നത്.

ശരീരത്തിലെ അണുക്കള്‍ നശിക്കുന്നതിനനുസരിച്ച് വീണ്ടും വീണ്ടും ഉല്‍പ്പാദിപ്പിച്ച് ശരീരത്തെനിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനാല്‍ ധാരി എന്നും, പ്രാണനെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാല്‍ ജീവിതം എന്നും ഓരോ നിമിഷവും സ്വയം നശിച്ചുപോകുന്നതിനാല്‍ നിത്യഗം എന്നും, ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നാലും ചേതനാവൃത്തിയെ ഒരേപടിനിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാല്‍ അനുബന്ധമെന്നുമാണ് ഈ പര്യായങ്ങളുടെ അര്‍ത്ഥം.

മനുഷ്യശരീരാവയവങ്ങളുടെ ഘടനയെക്കുറിച്ചും, കര്‍മ്മസാമര്‍ത്ഥ്യത്തെക്കുറിച്ചുമുള്ള അറിവിനേക്കാള്‍ പ്രധാനം ശരീരത്തിലെ അണുക്കളുടെ പ്രവര്‍ത്തനത്തെപ്പറ്റി അറിയുകയാണെന്നും, ആ അറിവ് മുഴുവന്‍ പ്രത്യക്ഷമായി ലഭിക്കുകയില്ലെന്നും, അവിടെ കുറെയൊക്കെ അനുമാനം വേണ്ടിവരുമെന്നും അഗ്നിവേശമഹര്‍ഷി പറയുന്നു.

കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന ശരീരാവയവങ്ങളെ മാത്രമാണ് നിര്‍ദ്ദേശിക്കുന്നതെന്നും ഇതുതന്നെ ഓരോ ശരീരപ്രകൃതിക്കനുസരിച്ച് വ്യത്യാസം വരാമെന്നും, ശരീരത്തിലെ അണുക്കളെ എണ്ണിത്തിട്ടപ്പെടുത്താനോ വ്യവഛേദിച്ച് പറയാനോ കഴിയാത്തവിധം അതിസൂക്ഷ്മങ്ങളും, അതേകാരണം കൊണ്ടുതന്നെ ഇന്ദ്രിയഗ്രാഹ്യങ്ങളല്ലാത്തവയുമാണ്. ഔഷധപ്രയോഗം മാത്രം നടത്തുന്ന ഒരു വൈദ്യനെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ അംഗപ്രത്യംഗ വിഭാഗജ്ഞാനത്തേക്കാള്‍ മൂലഘടകങ്ങളെപ്പറ്റിയുള്ള ജ്ഞാനമാണ്.

നാല് ആയുസ്സുകള്‍

ആയുസ്സിന്റെ ശാസ്ത്രമാണ് ആയുര്‍വേദം എന്ന് പറയുന്നിടത്തുതന്നെ അതിന്റെ വിശദീകരണം പറഞ്ഞിട്ടുണ്ട്. ഏതൊരുശാസ്ത്രത്തില്‍ ഹിതമായ ആയുസ്സും, അഹിതമായ ആയുസ്സും, സുഖമായ ആയുസ്സും, ദുഖമായ ആയുസ്സും പറയപ്പെടുന്നു. അതേപോലെ ഈ നാല് ആയുസ്സുകള്‍ക്കും ഹിതമായും അഹിതമായുമുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. ഈ ആയുസ്സുകള്‍ക്കുതന്നെ പ്രമാണവും അപ്രമാണവും തിട്ടപ്പെടുത്തുന്നു. ആ ശാസ്ത്രമാണ് ആയുര്‍വേദം.

ശാരീരികവും മാനസികങ്ങളുമായ രോഗങ്ങളൊന്നുമില്ലാതെ സുന്ദരവും, സുഖപൂര്‍ണ്ണവും, സംതൃപ്തവും, സഫലവുമായ ജീവിതം നയിച്ച് ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിക്കുന്നതിന് ഉപയുക്തമായ ആയുസ്സാണ് സുഖായുസ്സ്. ഇതിന് വിപരീതമായത് ദുഖായുസ്സും. ദുഖായുസ്സിന് ഇടം കൊടുക്കാതെ സുഖായുസ്സിനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉപയുക്തങ്ങളായ സദാചാരം, സ്വാദ്ധ്യായം, തപസ്സ്, സത്യപരിപാലനം, ജ്ഞാനം, വിജ്ഞാനം, ഇവയെല്ലാം തികഞ്ഞ ആയുസ്സ് ഹിതായുസ്സും, ഇതിനെല്ലാം വിപരീതമായിട്ടുള്ളത് അഹിതായുസ്സുമാണ്. എന്തെല്ലാം പ്രവര്‍ത്തിച്ചാലാണ് സുഖായുസ്സും, ഹിതായുസ്സും വര്‍ദ്ധിക്കുകയും, ദുഖായുസ്സും, അഹിതായുസ്സും നശിക്കുകയും ചെയ്യുക എന്നതാണ് ആയുര്‍വേദത്തിലെ പ്രതിപാദ്യം.

അജ്ഞതകൊണ്ടോ, കര്‍മ്മഫലം കൊണ്ടോ സംജാതമായ അഹിതായുസ്സിനെയും ദുഖായുസ്സിനെയും അകറ്റി സുഖായുസ്സും ഹിതായുസ്സും പ്രദാനം ചെയ്യുന്നതോടൊപ്പം മേലില്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയെന്നതും ആയുര്‍വേദത്തിന്റെ കര്‍ത്തവ്യമാണ്.
 

No comments:

Post a Comment