Monday, March 3, 2014

ആയുര്‍വേദത്തിന്റെ ഉത്ഭവവും വളര്‍ച്ചയും

ആയുര്‍വേദത്തിന്റെ ഉല്‍ഭവത്തെപ്പറ്റി പല ഗ്രന്ഥങ്ങളിലും പല തരത്തിലാണ് പറയപ്പെടുന്നത്. ബ്രഹ്മാവിന് സ്മരണമാത്രയില്‍ മനസില്‍ ഉദ്ഭൂതമായ ആയുര്‍വേദം അദ്ദേഹം ദക്ഷനും, ദക്ഷന്‍ അശ്വിനിദേവന്‍മാര്‍ക്കും, അവര്‍ ഇന്ദ്രനും ഉപദേശിച്ചുവെന്നും ഇന്ദ്രനില്‍നിന്നാണ് ഭൂമിയില്‍ ആയുര്‍വേദം പ്രചരിച്ചതെന്നുമുള്ള കാര്യത്തില്‍ എല്ലാ സഹിതാകാരന്‍മാരും ഒരേ അഭിപ്രായക്കാരാണ്.

ആയുര്‍വേദം എപ്പോള്‍ ഉത്ഭവിച്ചുവെന്ന് ആര്‍ക്കും തീര്‍ത്തുപറയാന്‍ സാധിക്കില്ല. സൃഷ്ടിക്കുമുമ്പുതന്നെ ബ്രഹ്മാവ് ആയുര്‍വേദം നിര്‍മ്മിച്ചുവെന്ന് സുശ്രുതാചാര്യനും കശ്യപനും പറയുന്നുണ്ട്.

മൃഗങ്ങള്‍ക്ക്, തങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കുവേണ്ട ഔഷധങ്ങളും ആഹാരങ്ങളും സ്വയം തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടല്ലോ. ആദിമനുഷ്യന്‍ മൃഗങ്ങലില്‍നിന്നാണ് ഔഷധജ്ഞാനം കരസ്ഥമാക്കിയതെന്നും അങ്ങിനെയാണ് വൈദ്യശാസ്ത്രം ഭൂമിയില്‍ ഉരുത്തിരിഞ്ഞുവന്നതെന്നും ആണ് അര്‍വാചീനന്മാരായ ശാസ്ത്രകാരന്മാരുടെ അഭിപ്രായം.

ആയുര്‍വേദവും വേദത്തില്‍നിന്നുണ്ടായതാണെന്നാണ് മറ്റൊരു വിശ്വാസം. ഋഗ്വേദത്തില്‍ നിന്നാണ് ആയുര്‍വേദമുണ്ടായതെന്നാണ് ചില ആയുര്‍വേദ ഗ്രന്ഥകാരന്‍മാരുടെ അഭിപ്രായമെങ്കിലും ഭൂരിപക്ഷം ശാസ്ത്രകാരന്‍മാരും ആയുര്‍വേദം അഥര്‍വ്വവേദത്തില്‍ നിന്നുണ്ടായതാണെന്നപക്ഷക്കാരാണ്. വൈദ്യസംബന്ധമായ പരാമര്‍ശങ്ങള്‍ എല്ലാവേദങ്ങളിലും കാണാമെങ്കിലും കൂടുതലായിട്ടുള്ളത് അഥര്‍വ്വവേദത്തില്‍ത്തന്നെയാണെന്നുള്ളത് ഇതിനെ ബലപ്പെടുത്തുന്നു.
അഥര്‍വ്വവേദത്തില്‍ ശരീരാവയവങ്ങളെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചും, രോഗനിവാരണോപായങ്ങളായ പലതരം ഔഷധങ്ങഉുടെ പ്രയോഗങ്ങളെക്കുറിച്ചും അല്പാല്പം ശസ്ത്രക്രിയകളെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങളുണ്ട്.


അഥര്‍വ്വവേദം കഴിഞ്ഞാല്‍ പിന്നെ വൈദ്യ സംബന്ധമായ പരാമര്‍ശങ്ങളധികമുളളത് ഋഗ്വേദത്തിലാണ്. വേദങ്ങളില്‍വച്ച് ഏറ്റവും പുരാതനമായ ഋഗ്വേദത്തില്‍ത്തന്നെ ത്രിധാതുക്കളെപ്പറ്റി പറയുന്നതുകൊണ്ട്  ആയുര്‍വേദവും അതിന്റെ- ത്രിധാതു-ത്രിദോഷ-സിദ്ധാന്തവും വേദകാലത്തിനുമുന്‍പുതന്നെ പ്രചുരപ്രചാരമായിരുന്നുവെന്ന് വ്യക്തമാണ്. വൈദികകാലത്തുതന്നെ വൈദ്യന്മാരെ അവരുടെ പ്രവൃത്തിക്കനുസരിച്ച് മുന്നുതരത്തില്‍ വിഭജിച്ചിരുന്നു.

ശസ്ത്രകിയ ചെയ്യുന്നവരെ ശല്ക്യവൈദ്യന്മാരെന്നും, ഔഷധപ്രയോഗം മാത്രം ചെയ്യുന്നവരെ ഭിഷക്കുകളെന്നും, മന്ത്രവാദം ചെയ്യുന്നവരെ അഥര്‍വ്വഭിഷക്കുകളെന്നുമാണ് പറഞ്ഞിരുന്നത്.

No comments:

Post a Comment