Sunday, March 23, 2014

ഉഷ്ട്രാസനം ( Ushtrasana )


വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ രണ്ടടി അകലത്തില്‍ വച്ച് കാല്‍മുട്ടൂകളില്‍ നില്ക്കുക. പാദങ്ങളും രണ്ടടി അകലത്തിലായിരിക്കണം. പാദങ്ങളുടെ മുകള്‍വശം തറയിലമര്‍ത്തിയോ വിരലുകള്‍ തറയിലൂന്നിയോ വയ്ക്കാം. ഉടലിനു മുകള്‍ ഭാഗം വലത്തേക്കു തിരിച്ച് പിന്നിലേക്ക് വളയുക. ഇടത് ഉപ്പൂറ്റി വലത് കൈത്തലം കൊണ്ടോ വിരലുകള്‍കൊണ്ടോ മുറുകെപ്പിടിക്കുക. ശിരസ്സ് പിന്നിലേക് ചായ്ച്ച് ഇടതുകൈ ശരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക. കൈവിരലുകള്‍ ആകാശത്തേക്ക് ചൂണ്ടുക. ശരീരത്തിന്റെ മൊത്തം ഭാരവും ഇടത് ഉപ്പൂറ്റിയിലേക്കു കൊണ്ടുവന്ന് ഈ നിലയില്‍ നില്ക്കുക. ഇടതുകൈത്തുമ്പിന്മേല്‍ കണ്ണുകളുറപ്പിക്കുക. വലതുവശത്തും ഈ ക്രിയ ആറ്വര്‍ത്തിക്കുക. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനില്ക്കുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുകയും വശങ്ങളിലേക്കു തിരിയുമ്പോള്‍ ശ്വാസം പുറത്തുവിടുകയും ചെയ്യണം. അവസാനത്തെ നിലയില്‍ ശ്വാസം അകത്തേക്കെടുക്കാതെ കുറച്ചുനേരം നില്‍ക്കുക. ആദ്യത്തെ നിലയിലേക്കു തിരിച്ചെത്തുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുക. സുഷുമ്‌നാനാഡിയില്‍, പ്രത്യേകിച്ച് മണിപുരചക്രത്തില്‍ എകാഗ്രതയര്‍പ്പിക്കുക.

മറ്റൊരു ക്രിയ

വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ രണ്ടടി അകലത്തില്‍ വയ്ക്കുക. പാദങ്ങള്‍ ചേര്‍ത്തുവയ്ക്കുകയോ ചിത്രത്തിലേതുപോലെ അകലത്തില്‍ വയ്ക്കുകയോ ആവാം. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനിന്ന് കാല്‍വിരലുകളിലും കാല്‍മുട്ടുകളിലുമായി ശരീരത്തെ തുലൂനം ചെയ്ത് നിര്‍ത്തുക. ഉടലിനു മുകള്‍ഭാഗം പിന്നിലേക്കു വളച്ച് കൈത്തലങ്ങള്‍ അതതു വശത്തെ ഉപ്പൂറ്റിയില്‍ വയ്ക്കുക. പിന്നിലേക്കു വളയുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കണം. സാധാരണ രീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ നിലയില്‍ കുറച്ചുനേരം നില്ക്കുക. ആഴത്തില്‍ ശ്വാസം അകത്തേക്കെടുക്കുക. പിന്നീട് ഉച്ഛസിച്ചുകൊണ്ട് പതിയെ വജ്രാസനത്തിലേക്കു തിരിച്ചെത്തുക. ഈ അവസാനനിലയില്‍ ഉദരം ആകാവുന്നത്ര പുറത്തേക്കു തള്ളി ഉടലിന്റെ മേല്‍ഭാഗത്തിന്റെ ഭാരം മുഴുവനും കൈകള്‍വഴി ഉപ്പൂറ്റികളില്‍ താങ്ങുക. ഈ നിലയില്‍ മൂന്നു മിനിറ്റുവരെ നില്ക്കുക. രണ്ടോ മൂന്നോ തവണ ക്രിയ ആവര്‍ത്തിക്കുക. ഈ ആസനത്തിന്റെ ആത്മീയനേട്ടങ്ങള്‍ ലഭിക്കുന്നതിനായി വിശുദ്ധി അല്ലെങ്കില്‍ അനാഹതചക്രത്തിന്മേല്‍ മനസ് എകാഗ്രമായിരിക്കണം. മുന്നോട്ടു വളഞ്ഞുകൊണ്ടുള്ള ആസനങ്ങള്‍ ചെയ്തശേഷം ഈ ആസനം ചെയ്യുകയാണെങ്കില്‍ കുടുതല്‍ ഫലം ലഭിക്കും.


പ്രയോജനങ്ങള്‍

നട്ടെല്ലിന്റെ ഒന്നാമത്തെയും അവസാനത്തെയും കശ്ശേരുക്കളുടെ പ്രശ്‌നങ്ങള്‍, സ്‌പോണ്ടിലൈറ്റിസ്, ഡിസ്‌ക് പ്രശ്‌നങ്ങള്‍, വാതസംബന്ധമായ വേദനകള്‍ എന്നിവ പരിഹരിക്കപ്പെടുന്നു. ശ്വാസകോശങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നു. തുടകള്‍, ഉദരം, നെഞ്ച് എന്നിവിടങ്ങളിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹൃദയത്തകരാറുകള്‍, സ്ത്രീകളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുന്നു. ദഹന, വിസര്‍ജ്ജന, പ്രത്യുത്പാദന വ്യവസ്ഥകള്‍ക്കും ഈ ആസനം പ്രയാജനകരമാണ്.

No comments:

Post a Comment