Friday, March 28, 2014

ശലഭാസനം (Shalabhasana)



കമഴ്ന്നുകിടന്ന് ഉള്ളം കൈ തറയിലമര്‍ത്തി കൈകള്‍ തുടകള്‍ക്കടിയില്‍ വയ്ക്കുക. ശ്വാസം അകത്തേക്കെടുത്തുകൊണ്ട് കൈകളും കാലുകളും കഴിയുന്നത്ര വലിച്ചു പിടിക്കുക. കാലുകള്‍ കഴിയുന്നത്ര ഉയര്‍ത്തുവാന്‍ ശ്രമിക്കുക. താടിയും നെഞ്ചും തറയില്‍ പതിച്ചു വയ്ക്കണം. ശ്വാസം പിടിച്ചുകൊണ്ട് കഴിയുന്നത്ര സമയം ഈ നിലയില്‍ തുടരുക. ശ്വാസം വിട്ടുകൊണ്ട് ആദ്യത്തെ നിലയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക. ആത്മീയഗുണങ്ങള്‍ ലഭിക്കണമെന്നുണ്ടെങ്കില്‍ വിശുദ്ധിചക്രത്തിലോ മണിപുരചക്രത്തിലോ എകാഗ്രത അര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

കുടലിലെ വ്രണങ്ങള്‍, ഹെര്‍ണിയ, കുടലിലെ മറ്റു പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയപ്രശ്‌നങ്ങള്‍ ഇവയുള്ളവര്‍ ഈ ആസനം പെയ്യരുത്.

പ്രയോജനങ്ങള്‍
നട്ടെല്ലിന്റെ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, തൃദോഷങ്ങളുടെ (വാതം, പിത്തം, കഫം) സംതുലനം തെറ്റുക ഇവ പരിഹരിക്കുന്നതിനു സഹായിക്കുന്നു. ശ്വാസകോശം, ഹൃദ്‌യം, അരയ്ക്കു കീഴ്‌പോട്ടുള്ള ഭാഗം, എന്നിവയെ ബലപ്പെടുത്തുന്നു.


അര്‍ദ്ധശലഭാസനം
മുന്‍ക്രിയയിലെപോലെ കമഴ്ന്നുകിടക്കുക. ഒരു കാല്‍ ഉയര്‍ത്തിയ ശേഷം താഴ്ത്തുക. അടുത്തതായി മറ്റേ കാലും ഉയര്‍ത്തിയശേഷം താഴ്ത്തുക. പത്തു തവണ ആവര്‍ത്തിക്കുക. ശേഷം ക്രമങ്ങളും പ്രയോജനങ്ങളും ശലഭാസനത്തിന്റേതുതന്നെ.

പൂര്‍ണശലഭാസനം
ശലഭാസനത്തിലെപോലെ രണ്ടു കാലുകളും ഉയര്‍ത്തുക. കൈകള്‍ അനക്കാതെ, താടിയിലോ കൈകളിലോ തോളുകളിലോ, ബലം പ്രയോഗിക്കാതെ കാലുകള്‍ കുടുതല്‍ ഉയര്‍ത്തിപ്പിടിക്കണം. കാല്‍വിരലുകള്‍ ശിരസ്സില്‍ തൊടുകയോ ഉള്ളം കാലുകള്‍ ശിരസ്സില്‍ താങ്ങിവയ്ക്കുകയോ ചെയ്യുവാന്‍ സാധിക്കണം. നിരന്തര പരിശീലനം കൊണ്ടേ ഈ നിലയിലെത്തിച്ചേരാന്‍ കഴിയൂ. സാവധാനത്തിലേ ചെയ്യാവൂ്. ആരംഭനിലയിലേക്കു തിരികെയെത്തുമ്പോള്‍ ശരീരം ഇളകാതെ നോക്കണം. കാലുകള്‍ സാവധാനം താഴ്ത്തുക. സാധാരണരീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ നിലയില്‍ കഴിയുന്നത്ര നേരം തുടരുക. കാലുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമ്പോള്‍ ശ്വാസം പിടിച്ചുവയ്ക്കണം.

No comments:

Post a Comment