Wednesday, March 26, 2014

മയുരാസനം ( Mayurasana )





പൃഷ്ഠഭാഗം തറയിലൂന്നി ഇരുന്ന് കാല്‍മുട്ടുകള്‍ക്കിടയിലുടെ കൈത്തലങ്ങള്‍ തറയില്‍ വയ്ക്കുക. കൈമുട്ടുകള്‍ അടുപ്പിച്ചോ പരസ്പരം ചേര്‍ത്തോ പിടിച്ചുകൊണ്ട് അടിവയറിനു താഴ്ഭാഗത്ത് വയ്ക്കുക. സാവധാനത്തില്‍ മുന്നോട്ടു കുനിയുക. കൈയുടെ മുകള്‍ഭാഗത്തും കൈമുട്ടുകളിലുമായി ശരീരഭാരം തുലനപ്പെടുത്തി നിര്‍ത്തുക. കാലുകള്‍ തറയില്‍നിന്നുയര്‍ത്തി പിന്നോട്ട് നീട്ടിപ്പിടിച്ച് ശരീരം തറയ്ക്കു സമാന്തരമായി വയ്ക്കുക. ഈ നിലയില്‍ മൊത്തം ശരീരത്തെയും കൈത്തലങ്ങളില്‍ താങ്ങിനിര്‍ത്തുന്നു. ആവുന്നത്ര നേരം ഈ നില തുടരണം. സാവധാനത്തില്‍ ആരംഭനിലയിലേക്ക് തിരിച്ചെത്തുക. കൈമുട്ടുകളും കൈയുടെ മുകള്‍ഭാഗവും ഉപയോഗിച്ച് ശരീരത്തെ താങ്ങി ഉയര്‍ത്തുമ്പോള്‍ ശ്വാസം പുറത്തേക്കു വിടണം. അവസാന നിലയില്‍ ശ്വാസമെടുക്കാതെ നിന്നശേഷം അകത്തേക്കെടുത്തുകൊണ്ട് ആരംഭനിലയിലേക്കെത്തണം. അവസാനനിലയില്‍ സാധാരണപോലെ ശ്വസിക്കാവുന്നതാണ്. എങ്കിലും ഉദരത്തില്‍ പ്രശ്‌നമുണ്ടാകാതെ സുക്ഷിക്കണം. മണിപുരചക്രത്തിലോ ശരീരസന്തുലന
ത്തിലോ എകാഗ്രതയര്‍പ്പിക്കുക.

പ്രയോജനങ്ങള്‍

മയൂരാസനത്തിന്റെ പൂര്‍ണഫലം ലദിക്കുവാന്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാല്‍, കൊഴുപ്പുള്ള ഭക്ഷണം, മാംസം, മദ്യം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍, ദഹിക്കുവാന്‍ പ്രയാസമുള്ള കട്ടിയായ ഭക്ഷണം, മസാല അധികം ചേര്‍ക്കാത്ത ഭക്ഷണം എന്നിവ രണ്ടാഴ്ചത്തേക്കെങ്കിലും ഒഴിവാക്കണം. രണ്ടാമതായി ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ചോറ്, എളുപ്പം ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കുക. എല്ലാ ആഴ്ചയിലും ശംഖപ്രക്ഷാളനക്രിയ, കുഞ്ജലക്രിയ എന്നിവ ചെയ്യണം. അങ്ങനെ ശരീരത്തെവിഷാംശം കലര്‍ന്ന പദാര്‍ത്ഥങ്ങളില്‍നിന്നു സ്വതന്ത്രമാക്കിയശേഷം ഈ ആസനം ചെയ്യുക. ശരീരം ശക്തിയുള്ളതും ആരോഗ്യമുള്ളതുമാകുന്നതുമൂലം കുണ്ഡലിനീനാളത്തിന് ഊര്‍ജസ്വലത ലഭിക്കുന്നു. മുഖക്കുരു, ത്വക്കിലുണ്ടാകുന്ന കുരുക്കള്‍ എന്നിവയ്ക്ക് ഈ ആസനം അത്യുത്തമമാണ്. ഉദരരോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രമേഹത്തിന് ഇത് പ്രതിവിധിയാണ്. ത്രിദോഷങ്ങളായ വായു, പിത്തം, കഫം എന്നിവയെ സന്തുലിതമാക്കുന്നു. ഹംസാസനം, ലോലാസനം എന്നിവ ഈ ആസനത്തിലൂടെയാണ് ചെയ്യുന്നത്.

No comments:

Post a Comment